ഫാസിൽ എന്ന ആലപ്പുഴക്കാരനെ മലയാളി ആദ്യം അറിഞ്ഞത് സംവിധായകൻ എന്ന മേൽവിലാസത്തിലാണ്. പിന്നീട് ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ പോലുള്ള സ്വന്തം സിനിമകളിൽ നടനായും ഫാസിൽ തിളങ്ങി. ചെറിയ വേഷങ്ങളിൽ പോലും ശ്രദ്ധേയനായ നടനാവാൻ ഫാസിലിനു കഴിഞ്ഞു. എന്നാൽ വലിയൊരു ഇടവേളയിൽ ഫാസിൽ എന്ന നടനും സംവിധായകനും സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഉണ്ടായിരുന്നില്ല. ആ ഒരു ഇടവേളയിൽ നമ്മൾ കണ്ടത് മകൻ ഫഹദ് ഫാസിൽ വലിയൊരു നടനായി ഉയർന്നു വരുന്നതാണ്.

ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിൽ ഇടം നേടിയ നടനായി ഫഹദ് മാറിയിരിക്കുന്നു. ഫഹദ് നടനപ്രതിഭയുടെ കയ്യൊപ്പ് പതിപ്പിച്ച മലയാളസിനിമയിലേക്ക് ഫാസിൽ മടങ്ങിയെത്തുമ്പോൾ സംവിധായകൻ/ നടൻ എന്നീ പദവികൾക്കൊപ്പമോ അല്ലെങ്കിൽ അതിനു മുകളിലായോ അറിയപ്പെടുന്നത് ഫഹദിന്റെ അച്ഛൻ എന്ന മേൽവിലാസത്തിൽ കൂടിയാണ്. അതുകൊണ്ടുതന്നെ ‘മരക്കാർ’ ഫാസിലിനെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടൊരു പ്രൊജക്റ്റാവുകയാണ്.

മോഹൻലാൽ, പ്രണവ്, കല്യാണി പ്രിയദർശൻ എന്നിവരുടെ കിടിലൻ ലുക്കിനു പിന്നാലെ ‘മരക്കാറി’ലെ ഫാസിലിന്റെ ലുക്കും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. താടിയും തൊപ്പിയുമണിഞ്ഞ് തീക്ഷ്ണമായ നോട്ടവും മുഖത്തൊരു ചെറുചിരിയുമൊക്കെയായി നിൽക്കുന്ന ഫാസിലിനെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ സുപ്രധാനമായൊരു കഥാപാത്രത്തെയാണ് ഫാസിൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ലൊക്കേഷനിൽ ഫാസിൽ ജോയിൻ ചെയ്ത വിശേഷം പ്രിയദർശൻ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ചിത്രത്തിലെ ലുക്ക് പുറത്തു വന്നിരിക്കുന്നത്.

‘മരക്കാർ’ എന്ന ചിത്രത്തിനൊപ്പം തന്നെ പൃഥിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫറി’ലും ഫാസിൽ ഉണ്ട്. ലൂസിഫറിൽ ഒരു പുരോഹിതന്റെ വേഷമാണ് ഫാസിൽ അവതരിപ്പിക്കുന്നത്. ഏറെനാളായി സംവിധാനത്തിൽ നിന്നും സിനിമയുടെ ലോകത്തുനിന്നുമൊക്കെ വിട്ടുനിൽക്കുന്ന ഫാസിൽ അഭിനയത്തിൽ സജീവമാകുന്ന കാഴ്ചയാണ് ഈ പുതുവർഷ തുടക്കത്തിൽ മലയാളിക്ക് കാണാൻ കഴിയുക. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് മരയ്ക്കാറിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Read more: രണ്ടു ചിത്രങ്ങള്‍, രണ്ടു ലുക്കുകള്‍: സോഷ്യല്‍ മീഡിയയില്‍ നിറയുന്ന അച്ഛനും മകനും

മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായാണ് ‘മരക്കാർ’ ഒരുങ്ങുന്നത്. ചരിത്രവും ഫിക്ഷനും ഇടകലരുന്ന രീതിയിലാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നൂറുകോടി മുതൽമുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്.

പ്രിയദർശന്റെ മകൾ കല്യാണിയും മകൻ സിദ്ധാർത്ഥും ചിത്രത്തിലുണ്ട്. ക്യാമറയ്ക്കു മുന്നിലാണ് കല്യാണിയെങ്കിൽ അച്ഛനൊപ്പം അണിയറയിലാണ് സിദ്ധാർത്ഥ് പ്രവർത്തിക്കുന്നത്. ‘മരക്കാറി’ൽ അസോസിയേറ്റ് ആയാണ് സിദ്ധാർത്ഥ് പ്രവർത്തിക്കുന്നത്. സാൻഫ്രാൻസിക്കോയിൽ നിന്നും വിഷ്വൽ ഇഫക്റ്റ് കോഴ്സ് ഫിനിഷ് ചെയ്ത് അച്ഛന്റെ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ് സിദ്ധാർത്ഥ്. സാബു സിറിൽ ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ.

മോഹൻലാൽ, പ്രണവ് മോഹൻലാൽ, ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരെ കൂടാതെ മധു, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ , കീർത്തി സുരേഷ്, തമിഴ് നടന്മാരായ അർജുൻ, പ്രഭു, ഹിന്ദി നടൻ ആയ സുനിൽ ഷെട്ടി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Read more: കളികൂട്ടുകാർ ഒറ്റ ഫ്രെയ്മിൽ; മരക്കാറിലെ കലക്കൻ ലുക്കിൽ പ്രണവും കല്ല്യാണിയും

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ