scorecardresearch
Latest News

ഗേളി തിരിച്ചു വരുമോ?; ഫാസിൽ പറയുന്നു

മലയാളികളുടെ മനസ്സിലെ നൊമ്പരപ്പൂവായ ഗേളിയേയും നോക്കെത്താദൂരത്തിനെയും കുറിച്ച് ഫാസിൽ

ഗേളി തിരിച്ചു വരുമോ?; ഫാസിൽ പറയുന്നു

മലയാളി എന്നും ഓർക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’, അതിൽ നദിയ മൊയ്തു അവതരിപ്പിച്ച ഗേളിയാവട്ടെ പ്രേക്ഷകരുടെ മനസ്സിലെ നൊമ്പരപ്പൂവും. ഉള്ളിലെ സങ്കടം മറക്കാൻ കുസൃതിയും കുറുമ്പും കാണിച്ചു നടക്കുന്ന ഗേളി. ഒടുവിൽ മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നു തീർച്ചയില്ലാതെ ഡാഡിയ്ക്ക് ഒപ്പം അവൾ പോവുമ്പോൾ ഗേളി എന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുഞ്ഞൂഞ്ഞമ്മയും ശ്രീകുമാറും. ഗേളി തിരികെ എത്തുമോ എന്ന ചോദ്യം സിനിമ കണ്ട ഓരോ പ്രേക്ഷകന്റെ ഉള്ളിലും ബാക്കിയാവുന്ന ഒന്നാണ്.

‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ റിലീസ് ചെയ്ത് 35 വർഷം പിന്നിടുമ്പോൾ ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ. “നോക്കെത്താദൂരത്തിന്റെ രണ്ടാംഭാഗം കുറെയൊക്കെ ചിന്തിച്ചിരുന്നു. ഗേളി തിരിച്ചു വരുമോ എന്ന് പലരും ചോദിച്ചപ്പോൾ ഗേളി തിരിച്ചുവരുന്നതായി ആലോചിച്ചിരുന്നു. അപ്പോഴേക്കും അമ്മൂമ്മ പോയിരുന്നു, അവൾ ശ്രീകുമാറിനെയും തപ്പി നടക്കുന്നതായി ഒക്കെ ആലോചിച്ച്, കുറേ കഴിഞ്ഞപ്പോൾ വിട്ടു. ഒരു പടം അതിന്റെ പരമാവധിയിൽ കൊടുത്താൽ അതിനപ്പുറത്തേക്ക് അതിന്റെ രണ്ടാം ഭാഗം വരാൻ വലിയ പ്രയാസമാണ്. നോക്കെത്താ ദൂരത്തും മണിച്ചിത്രത്താഴുമൊക്കെ അതിന്റെ പരമാവധിയിൽ എത്തിനിൽക്കുകയാണ്. അതിനപ്പുറം രണ്ടാം ഭാഗം ഇറക്കിയാൽ ഉള്ള പേര് പോകാൻ സാധ്യതയുള്ള പരിപാടിയാണ്.” അതിനാൽ തന്നെ ഒരു തിരിച്ചുവരവിന് സാധ്യതയില്ലെന്നാണ് ഫാസിൽ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫാസിൽ.

സെറീന മൊയ്തു എന്ന നദിയയുടെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്”. ചിലപ്പോഴൊക്കെ കഥാപാത്രങ്ങളിലേക്കും അഭിനേതാക്കളിലേക്കും നിയോഗം പോലെ താൻ എത്തിപ്പെടുകയാണെന്ന് വിശ്വസിക്കുന്ന ഫാസിൽ അപ്രതീക്ഷിതമായാണ് ഗേളി എന്ന കഥാപാത്രത്തെ തേടിയുള്ള യാത്രയിൽ സറീനയിലേക്ക് എത്തിയത്. ആ കഥാപാത്രത്തിനായി ഫാസിൽ ആകെ സമീപിച്ചത് നദിയയെ മാത്രമാണ്. നേരിൽ കണ്ടപ്പോഴാകട്ടെ, തന്റെ ഗേളിയാവാൻ മറ്റൊരു മുഖമില്ലെന്നും ആ സംവിധായകനു തോന്നി. തന്റെ സഹോദരന്മാരുടെ സുഹൃത്തും മുംബൈ മലയാളിയുമായ മൊയ്തുവിന്റെ മകൾ സെറീനയെ ഫാസിൽ​ ആദ്യം കാണുന്നത് ഒരു കല്യാണപ്പാർട്ടിയിൽ നൃത്തം ചെയ്യുന്ന വീഡിയോയിലാണ്. സെറീനയെ നേരിൽ കാണാനായി സംവിധായകൻ മുംബൈയിലെ ചുനാഭട്ടിയിലെ അവരുടെ വീട്ടിലെത്തുന്നു.

“ഫോട്ടോ കണ്ടപ്പോൾ അനുയോജ്യയാണെന്നു തോന്നിയാണ് ബോംബെയിലേക്ക് കാണാൻ പോവുന്നത്. നദിയയെ ഇന്റർവ്യൂ ചെയ്തപ്പോൾ എന്റെ കണക്കുകൂട്ടലുകൾ ശരിയാണ്, വരേണ്ട കാര്യമില്ലായിരുന്നു, ഫോട്ടോ മാത്രം കണ്ടിട്ട് ഫിക്സ് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നി. സന്ദര്‍ഭവശാല്‍ നദിയ ബോംബെയില്‍ വളരുന്ന പെണ്‍കുട്ടിയായിരുന്നു. ബോംബെയില്‍ വളരുന്ന നദിയയെ ഞാന്‍ കേരളത്തിലേക്ക് കൊണ്ടു വന്നപ്പോള്‍ ആ ഫാഷനും കൂടെ പോന്നു. ബോംബെയിലെ ഫാഷനും കേരളത്തിലെ ഫാഷനും തമ്മില്‍ വ്യത്യാസമുള്ള കാലമാണ്. ഇനി അടുത്ത ഫാഷന്‍ സ്‌റ്റൈല്‍/ട്രെന്‍ഡ് എന്തെന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ‘നോക്കെത്താദൂരത്തില്‍’ മഞ്ഞ ചുരിദാറുമായി നദിയ വരുന്നത്. പ്ലെയിന്‍ മഞ്ഞ ചുരിദാര്‍ നല്ലതാണല്ലോ, പരീക്ഷിക്കാവുന്നതാണല്ലോ എന്ന് മറ്റുള്ളവര്‍ക്കും തോന്നാന്‍ തുടങ്ങി,” നദിയയെ കണ്ടെത്തിയതിനെ കുറിച്ച് ഫാസിൽ ഒരിക്കൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. റുമേനിയയുടെ ജിംനാസ്റ്റിക് താരം നദിയ കൊമേനച്ചിയുടെ പേര് പത്രമാധ്യമങ്ങളിൽ തിളങ്ങിനിൽക്കുന്ന കാലമായിരുന്നു അത്, അതിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് സെറീന മൊയ്തുവിനെ നദിയ മൊയ്തു എന്നു നാമകരണം ചെയ്യുന്നതെന്നും ഫാസിൽ പറഞ്ഞു.

 

Read Here: സിനിമ, ജീവിതം, ഫഹദ്: ഫാസിലുമായി ദീർഘ സംഭാഷണം

ഗേളിയായതിനെക്കുറിച്ച് നദിയ മൊയ്‌തു

ബോംബെ കോളേജ് വിദ്യാര്‍ഥിനിയായിരുന്ന സറീനാ മൊയ്‌തു സിനിമയിലേക്ക് എത്തിപ്പെടുന്നത് ആഗ്രഹം കൊണ്ടോ പരിശ്രമം കൊണ്ടോ അല്ല; ആകസ്‌മികത കൊണ്ട് മാത്രമാണ്. മുംബൈ താമസിച്ചിരുന്ന ആ പതിനെട്ടുകാരിക്ക് മലയാളം സിനിമയെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. സിനിമയില്‍ എത്തിയതിനെക്കുറിച്ച് നദിയ ഒരിക്കല്‍ പറഞ്ഞതിങ്ങനെ.

“ആ കാലത്ത് ഗൾഫിൽ പോകുന്നവരെല്ലാം ബോംബെയിൽ വന്നിട്ടാണ് പോകുന്നത്. അങ്ങനെ വരുന്ന പല ബന്ധുക്കളും അവരുടെ പരിചയക്കാരുമൊക്കെ എന്റെ വീട്ടിലാണ് താമസിക്കാറുളളത്. അങ്ങനെ ഒരിക്കല്‍ ഫാസിൽ അങ്കിളിന്റെ (സംവിധായകന്‍ ഫാസില്‍) സഹോദരനും എന്റെ വീട്ടിൽ വന്നിട്ടുണ്ട്. വീട്ടിൽ വന്നിട്ട് അദ്ദേഹം തിരിച്ച് ആലപ്പുഴയ്‌ക്ക് ചെന്നപ്പോഴാണ് അദ്ദേഹത്തിന്റെ സഹോദരന്‍ താനൊരു പുതിയ സ്ക്രിപ്റ്റ് എഴുതുന്നുണ്ടെന്നും അതിലേക്ക് ഒരു പുതുമുഖ നടി വേണമെന്നും പറയുന്നത്. ബോംബയില്‍ എന്നെ കണ്ട കാര്യം പറഞ്ഞപ്പോള്‍ ഫാസില്‍ അങ്കിളിന് കാണാന്‍ താത്പര്യം തോന്നി വീട്ടിലേക്ക് വരുകയായിരുന്നു.”

കേരളത്തില്‍ നിന്നും തന്നെക്കാണാനായി ഒരാള്‍ വരുന്നു എന്ന് കോളേജില്‍ പോയിരുന്ന സറീനയ്ക്ക് അറിയില്ലായിരുന്നു. വീട്ടിലേക്ക് മടങ്ങിയപ്പോള്‍ അവിടെ ഒരാള്‍ അച്ഛനമ്മമാരോട് സംസാരിച്ചിരിക്കുന്നത് കണ്ടു. അയാള്‍ തന്നെത്തന്നെ ശ്രദ്ധിക്കുന്നത് സറീനയുടെ ശ്രദ്ധയില്‍പെട്ടു.

“ഞാൻ കോളേജിൽ നിന്നും വരുമ്പോൾ ഫാസിൽ അങ്കിൾ വീട്ടിൽ ഉണ്ട്. ഞാനൊരു പുതിയ പടം ചെയ്യുന്നുണ്ടെന്നും എന്നെ കാണാനായാണ് വരുന്നതെന്നും ബോംബൈയിൽ വരുന്നതിനു മുൻപേ എന്റെ ഫാദറിനോട് പറഞ്ഞിരുന്നു. വീട്ടിൽ ഞാൻ ചെയ്യുന്നതെല്ലാം ശ്രദ്ധിച്ചു നോക്കിക്കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. എനിക്ക് അത് അൺകംഫർട്ടബിൾ ആയി തോന്നി. പിന്നീട് അദ്ദേഹം പറഞ്ഞു നമുക്ക് നടക്കാൻ പോകാമെന്ന്. അങ്ങനെ ഞാനും ഫാസിൽ അങ്കിളും എന്റെ അനിയത്തിയും കൂടി നടക്കാൻ പോയി. എന്റെ വീടിനു പുറത്ത് ഒരു ലെയ്ൻ ഉണ്ട്. അവിടെയാണ് നടക്കാൻ പോയത്. എന്റെ ഇഷ്‌ടങ്ങൾ എന്താണ്, സ്‌പോർട്സ് ഇഷ്ടമാണോ, വേറെന്തൊക്കെ ചെയ്യും എന്നെല്ലാം നടക്കുന്നതിനിടയിൽ ചോദിച്ചു. എന്നെ ഒരു ക്യാരക്‌ടർ ആയിട്ട് സ്റ്റഡി ചെയ്യാനായിരിക്കും അതെല്ലാം ചോദിച്ചത്. ആ സമയത്ത് സൈക്കിൾ ചവിട്ടി കുറേ ആൺകുട്ടികൾ വരുന്നുണ്ടായിരുന്നു. അതിലാരോ എന്റെ അടുത്തെത്തിയപ്പോൾ എന്തോ പറഞ്ഞിട്ടു പോയി. ഞാൻ തിരിഞ്ഞു നിന്ന് അവനെ ഒന്നു രൂക്ഷമായി നോക്കി. എനിക്ക് തോന്നുന്നു ആ നോട്ടത്തിലാണ് ഫാസിൽ അങ്കിളിനു മനസ്സിലായത് ഗേളി എന്ന ക്യാരക്‌ടർ എനിക്ക് ചേരുമെന്ന്.”

Throwback Thursday Nokkethadoorathu Kannum Nattu-Mohanlal, Nadia Moidu

നടപ്പ് കഴിഞ്ഞു വീട്ടിലെത്തിയ ഉടന്‍, ഡിന്നര്‍ കഴിക്കുന്നതിന് മുന്‍പ് തന്നെ, ഫാസില്‍ സറീനയ്ക്ക് ആ ചിത്രത്തിന്റെ കഥ പറഞ്ഞു കേള്‍പ്പിച്ചു. ഇടയ്‌ക്ക് അഭിനയിച്ചു കാണിച്ച് അദ്ദേഹം കഥ പറഞ്ഞു കേട്ടത് സിനിമ നേരില്‍ കണ്ടത് പോലെയായിരുന്നു എന്ന് നദിയ മൊയ്‌തു ഓര്‍ക്കുന്നു.

“കഥ കേട്ട ശേഷം അച്‌ഛനും അമ്മയും എനിക്ക് അഭിനയിക്കാൻ സമ്മതമാണോയെന്ന് ചോദിച്ചു. സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഞാൻ അപ്പോഴൊന്നും ചിന്തിച്ചിട്ടു പോലുമില്ല. ഫാസിൽ അങ്കിളിന്റെ കുടുംബത്തെ നന്നായി അറിയാവുന്നതുകൊണ്ട് വേറൊന്നും ചിന്തിച്ചില്ല. പോയി ചെയ്‌തു നോക്കാമെന്ന് വിചാരിച്ചു. പോകുന്നതിന് മുന്‍പ് അദ്ദേഹം എന്റെ കുറച്ച് ചിത്രങ്ങള്‍ എടുത്തു.

അടുത്ത ദിവസം നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ അവിടെ വച്ച് അദ്ദേഹം എം.ടി.വാസുദേവൻ നായരെ കണ്ടു. എന്റെ ഫോട്ടോ കാണിച്ചിട്ട് എന്റെ അടുത്ത പടത്തിൽ ഈ കുട്ടിയാണ് നായിക എന്നു പറഞ്ഞു. എന്റെ കണ്ണു കൊളളാമെന്നും, നല്ല പവർഫുൾ ആണെന്നും എം.ടി പറഞ്ഞുവത്രേ.

Read Here: ഗേളിയായതിനെക്കുറിച്ച് നദിയ മൊയ്‌തു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Director fazil about nokkethadhoorathu kannum nattu girly nadhiya moidu