കൊച്ചി: മലയാള സിനിമ മേഖലയിലേക്ക് ഗിന്നസിന്റെ തിളക്കം വീണ്ടും എത്തിച്ച് സംവിധായകന്‍ ബ്ലസി. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി എന്ന ഗിന്നസ് ലോക റെക്കോര്‍ഡാണ് ബ്ലസി സ്വന്തമാക്കിയത്. ‘100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിയ്ക്കാണ് ഈ നേട്ടം.

രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച, 102 വയസ് പിന്നിട്ട ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ തോമ വലിയ മെത്രോപൊലിത്തയെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായത്. 48 മണിക്കൂറും 10 മിനുറ്റുമാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം. 21 മണിക്കൂറിന്റെ റെക്കോര്‍ഡാണ് ബ്ലസിയുടെ ഡോക്യുമെന്ററി പിന്നിട്ടത്.

നീണ്ട പ്രോസസിലൂടെയാണ് ബ്ലസിയുടെ ഡോക്യുമെന്ററി റെക്കോർഡിന് അര്‍ഹമായത്. ഡോക്യുമെന്ററിയെ കുറിച്ചുള്ള, ഷോട്ടുകളുടെ എണ്ണവും ദൈര്‍ഘ്യവുമടക്കമുള്ള വിവരങ്ങളെല്ലാം അയച്ച് കൊടുത്ത ശേഷമാണ് റെക്കോർഡ് നിര്‍ണയിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നേടുന്നതു പോലും ഒരുപാട് നടപടികളിലൂടെ കടന്നു പോയാണ്.

മെയ് ഒന്ന്, 2015 ന് ചിത്രീകരണം ആരംഭിച്ച ഡോക്യുമെന്ററി രണ്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ആളുകളെ ജാതിയുടേയോ മതത്തിന്റേയോ അതിര്‍ വരമ്പുകളില്ലാതെ നോക്കി കാണേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അതിനാണ് ഇത്തരത്തിലൊരു ഡോക്യുമെന്ററി ഒരുക്കിയതെന്നുമാണ് ബ്ലസി പറയുന്നത്.

ഡോക്യുമെന്ററിയില്‍ മാര്‍ ക്രോസോസ്റ്റം പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഗായകരായ കെജെ യേശുദാസ്, കെഎസ് ചിത്ര, കായിക താരങ്ങളായിരുന്ന പിടി ഉഷ, ഐഎം വിജയന്‍, എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരന്‍ തുടങ്ങിയവരുമായി സംസാരിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook