ബ്ലെസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രമാണ് ‘ആടുജീവിതം.’ ബെന്ന്യാമിന്റെ നോവലായ ആടുജീവിതത്തിനെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ചിത്രത്തിന്റെ ട്രെയിലറെന്ന നിലയിൽ ഒരു വീഡിയോ വെള്ളിയാഴ്ച രാത്രിയോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഡെഡ് ലൈൻ എന്ന മാഗസീന്റെ ഓൺലൈനിലൂടെയാണ് വീഡിയോ പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ പ്രേക്ഷകരും വീഡിയോ ഏറ്റെടുത്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ദൃശ്യങ്ങൾ എന്നാണ് ആരാധകർ വീഡിയോയിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ അഭിനന്ദനങ്ങൾ.
പ്രചരിച്ച ദൃശ്യങ്ങളുടെ സത്യാവസ്ഥയെ കുറിച്ച് സംവിധായകൻ ബ്ലെസ്സി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയാണ്. തങ്ങളുടെ അറിവില്ലാതെയാണ് ദൃശ്യങ്ങൾ പുറത്തെത്തിയതെന്നും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതെയുള്ളൂ എന്നും ബ്ലെസ്സി പറയുന്നു. ഇത്തരത്തിൽ ദൃശ്യങ്ങളിൽ പ്രചരിച്ചതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറയുന്നു.
നടൻ പൃഥ്വിരാജും വീഡിയോ പ്രചരിച്ചതിനു പിന്നാലെ വിശദീകരണ കുറിപ്പുമായി രംഗത്തെത്തി. തുടർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെ അണിയറപ്രവർത്തകർ തന്നെ വീഡിയോ പുറത്തുവിട്ടു.