മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ‘സ്ഫടികം’ എന്ന ചിത്രം പുറത്തിറങ്ങിയത് 1995 മാർച്ച് 30നായിരുന്നു. തലമുറകളെ ആവേശം കൊള്ളിച്ച സ്ഫടികത്തിനും ആടുതോമയ്ക്കും 25 വയസ് കഴിഞ്ഞു. ഇതിനിടെ ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റീ റിലീസ് ചെയ്യാനിരിക്കുകയാണ്.
Read More: പഴയ മോഹൻലാലിനു എന്തു സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്: ഭദ്രൻ
കഴിഞ്ഞദിവസം ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ ലൈവ് വന്ന ഭദ്രനോട് ഒരാൾ ചോദിച്ചു, ആരാണ് ചിത്രത്തിന് സ്ഫടികം എന്ന് പേരിട്ടതെന്ന്. ചിത്രത്തിന് പേരിട്ടത് താനാണെന്നും എന്നാൽ ‘ആടുതോമ’ എന്ന് പേരിടാൻ നിർമ്മാതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും ഭദ്രൻ മറുപടി പറഞ്ഞു. കൂടാതെ സ്ഫടികം എന്ന പേര് മതിയെന്ന് പറഞ്ഞതും അതിൽ ഉറച്ച് നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതും അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം മാണിയാണെന്നും അദ്ദേഹം പറഞ്ഞു.
“സ്ഫടികം എന്ന് മതിയെന്ന് പറഞ്ഞ് മാണി സാറാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. അദ്ദേഹം മരിച്ച സമയത്ത് അതൊക്കെ ഞാൻ ഓർത്തിരുന്നു,” ഭദ്രൻ പറഞ്ഞു.
അതേസമയം 25 വര്‍ഷത്തിന് ശേഷം ആടുതോമയ്ക്ക് എന്ത് സംഭവിച്ചു എന്ന ഉത്തരവും സ്ഫടികത്തിന്റെ പുതിയ റിലീസില്‍ ഉണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്ഫടികം 2 ഒരിക്കലും സംഭവിക്കില്ല. അത് കൊണ്ടാണ് സ്ഫടികം റീ റിലീസിന് ഒരുങ്ങുന്നത്. അതില്‍ ആടുതോമ ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്ന ഉത്തരം ഉണ്ടാകും. ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം ആടുതോമ എന്ത് ചെയ്യുന്നു എന്നതിനുള്ള ഉത്തരമായിരിക്കും അത്. എന്നും ഭദ്രന്‍ പറഞ്ഞു.
‘സ്ഫടിക’ത്തിലെ ആടുതോമയേയും ചാക്കോ മാഷെയും രാവുണ്ണി മാഷെയുമെല്ലാം 24 വർഷങ്ങൾക്കുശേഷവും മലയാളി ഓർത്തുകൊണ്ടേയിരിക്കുന്നു. തിയേറ്ററിൽ ആവേശമുണർത്തുന്ന വെറുമൊരു മാസ് പടത്തിനപ്പുറം ജീവിതത്തിന്റെ ആഴവും പരപ്പും കൂടി ഉണ്ടായിരുന്നതുകൊണ്ടാവാം ‘സ്ഫടിക’മൊക്കെ കാലാതിവർത്തിയായി ആഘോഷിക്കപ്പെടുന്നത്. മികച്ച പ്ലോട്ട്, കഥാപാത്രങ്ങളുടെ ബിൽഡ് അപ്, ഇമോഷൻസ് എന്നിവയ്‍ക്കൊക്കെ ഏറെ പ്രാധാന്യം നൽകിയായിരുന്നു സ്ഫടികം ഒരുക്കപ്പെട്ടത്. പ്രേക്ഷകരെ കൊണ്ട് എണീറ്റുനിന്നു കയ്യടപ്പിക്കുന്ന ആടുതോമയെന്ന വില്ലാളിവീരനായ നായകൻ തന്നെയാണ് അയാളുടെ ഫ്ളാഷ്ബാക്ക് സ്റ്റോറികളാൽ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നതും. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ ഹീറോയാണ് ആടുതോമ.
സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ,നിങ്ങള്‍ സ്നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ. സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
ജൂതൻ എന്ന സിനിമയുടെ പണിപ്പുരയിലാണ് ഭദ്രനിപ്പോൾ. കൂടാതെ മോഹൻലാലിനെ നായകനാക്കി യന്ത്രം എന്ന ചിത്രം ഒരുക്കുന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുമ്പോൾ സ്ക്രീനിൽ വിസ്മയം തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.