യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ നടന്മാരിൽ ഒരാളാണ് ഷെയ്ൻ നിഗം. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ഷെയ്നിന് സാധിച്ചിട്ടുണ്ട്. സോണി ലിവിൽ റിലീസ് ചെയ്ത ‘ഭൂതകാലം’ എന്ന ചിത്രമാണ് ഷെയ്നിന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ഷെയ്നിലെ നടനെ അഭിനന്ദിച്ചുകൊണ്ട് സംവിധായകൻ ഭദ്രൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഷെയ്നിന്റെ ഭൂതകാലം കണ്ടതിനു പിന്നാലെയാണ് ചിത്രത്തെയും ഷെയ്നിന്റെയും രേവതിയുടേയുമെല്ലാം പ്രകടനത്തെയും അഭിനന്ദിച്ചുകൊണ്ട് ഭദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
‘ഭൂതകാലം ‘ ഒരു പക്ഷേ, നമ്മളോരോരുത്തരുടെയും തനിയാവർത്തനം തന്നെ. അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലുംപെടാത്ത ഒരു നല്ല ചലച്ചിത്രം. മാനസികവിഭ്രാന്തിയിൽ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഒരു വിധവയും അവരുടെ മകനും മുത്തശ്ശിയും അടങ്ങിയ ഒരു കൊച്ച് വീട്. എങ്ങുമെത്താതെ നിൽക്കുന്ന മകനെ കാണുമ്പോൾ ഉണ്ടാകുന്ന അമ്മയുടെ ആശങ്കകളും സംഘർഷങ്ങളും അമ്മയെന്ന വികാരത്തെ സങ്കീർണമാക്കി. മുത്തശ്ശിയുടെ മരണം മകന്റെ മനസ്സിൽ വി ഹ്വല ചിത്രങ്ങളായി രൂപപ്പെടാൻ തുടങ്ങി. ദുർമരണങ്ങൾ സംഭവിച്ചിട്ടുള്ള ഒരു വീട്ടിൽ ദുർബലമനസുകൾ വന്ന് ചേക്കേറുമ്പോൾ അവിടെ അവർ കാണുന്ന കാഴ്ചകളിൽ ഒരു സത്യസന്ധത ഉണ്ടായിരുന്നു. കാണിയുടെ കാഴ്ച വട്ടത്തിൽ നിന്നും ഒരു ഫ്രെയിം പോലും അടർത്തി മാറ്റാൻ പറ്റാത്ത വിധം കോർത്ത് കോർത്ത് ഒരു ചങ്ങല പോലെ പിടിവിടാതെ രാഹുൽ സൂക്ഷ്മതയോടെ കൊണ്ടു നടന്നു. അഭിനന്ദനങ്ങൾ.
ഷെയ്ൻ നിഗം കുത്തൊഴുക്കിൽ വീണ് ട്രയാംഗിൾ ചുഴിയിൽ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് വെറും തോന്നൽ മാത്രം. ഭൂതകാലത്തിലെ ഷെയ്നിന്റെ ‘വിനു ‘ കൊടിമരം പോലെ ഉയർന്നു നിന്നു, ഇളക്കം തട്ടാതെ…
ഞാൻ സ്റ്റേറ്റ് അവാർഡിൽ കണ്ട ‘വെയിലി’ലെ ഇതുപോലെ പ്രകാശിപ്പിക്കാൻ കഴിയാതെ പോയ ഒരമ്മയുടെ സ്നേഹത്തിന്റെ മുൻപിൽ പതറുകയും ഇടറുകയും ചെയ്യുന്നത് കണ്ടപ്പോൾ അന്നും എന്റെ കണ്ണുകൾ ചുവന്നിരുന്നു.ഇന്നും, ഈ സിനിമ കണ്ടപ്പോഴും.
” എന്റെ പ്രശ്നം എന്താണെന്ന് അമ്മക്കറിയോ?
ഞാൻ സ്നേഹിക്കുന്നവർ എന്നെ മനസിലാക്കാതെ ദൂരത്ത് നിൽക്കുന്നത് കാണുമ്പോൾ…….. “
ആ പറച്ചിൽ വെയിലിൽ നിന്നും ഒത്തിരി ഒത്തിരി മാറ്റി നിർത്തിയ ഒരു രസക്കൂട്ട് കാണിച്ചു തന്നു.
ഹായ് ഷെയ്ൻ, നിനക്ക് എതിര് നീ മാത്രമേയുള്ളൂ…യാത്ര തുടരൂ…
രേവതിയുടെ കരിയറിലെ ‘ ആശ ‘ യെ തിളക്കം കെടാതെ സൂക്ഷിച്ചു,” ഭദ്രൻ കുറിച്ചതിങ്ങനെ.
ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഷെയ്ൻ തന്റെ ചലച്ചിത്രം ജീവിതം ആരംഭിക്കുന്നത്. ഹലോ കുട്ടിച്ചാത്തന്, ഗുലുമാല് ഭായ്, ബുള്ളറ്റ് ബാവ എന്നീ സീരിയലുകളിലെല്ലാം ഷെയ്ൻ അഭിനയിച്ചിട്ടുണ്ട്. പൃഥ്വരാജ് നായകനായി എത്തിയ അന്‍വര്‍ ആണ് ഷെയ്നിന്റെ ആദ്യ മലയാള ചിത്രം. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അന്നയും റസൂലും, ബാല്യകാലസഖി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലും ഷെയ്ൻ വേഷമിട്ടു. എന്ന ചിത്രത്തില്‍ കുഞ്ഞുമോന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഷാവനാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രമാണ് ഷെയ്നിനെ ശ്രദ്ധേയനാക്കിയത്. ഷെയ്ന് നായകനായി എത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു അത്.
കെയര്‍ ഓഫ് സൈറ ബാനു, പറവ, ഈട, ഓള്, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിലൂടെ ഷെയ്ൻ പ്രേക്ഷകപ്രശംസ നേടി.