സമകാലിക മലയാളചിത്രങ്ങളെ കുറിച്ചും അഭിനേതാക്കളുടെ പ്രകടനത്തെ കുറിച്ചുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്ന സംവിധായകനാണ് ഭദ്രൻ. ഇപ്പോഴിതാ, ഭീഷ്മപർവ്വത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് ഭദ്രൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്.
“ഭീഷ്മപർവ്വം. ഇന്നലെയാണ് ആ സിനിമ കാണാൻ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതൽ ലോകാവസാനം വരെ ഈ കുടിപ്പക ആവർത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ!!
എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം എന്നത് ഒരു ഫിലിം മേക്കറുടെ ചലഞ്ച് ആണ്.
ഫ്രാൻസിസ് ഫോർഡ് കോപ്പോളോയുടെ ‘ഗോഡ് ഫാദറി’ന് മുൻപും പിൻപും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകൾ ഉണ്ടായി. എന്ത് കൊണ്ട് ‘ഗോഡ് ഫാദർ ‘ distinctive ആയിട്ട് കാലങ്ങളെ അതിജീവിച്ച് നിൽക്കുന്നു.
അവിടെ നിന്ന് ഭീഷ്മ പർവ്വത്തിലേക്ക് വരുമ്പോൾ, ജിഗിലറി കട്ട്സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ലാഘനീയമാണ്. ഒറ്റവാക്കിൽ ‘മൈക്കിൾ’ എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം. മൈക്കിളിന്റെ വെരി പ്രസന്റ്സ്. മൊഴികളിലെ അർഥം ഗ്രഹിച്ച് ഔട്ട്സ്പോക്കൺ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്,” ഭദ്രൻ കുറിക്കുന്നു.
Read more: Bheeshma Parvam Movie Review & Rating: ഒരു ക്ലാസ് മാസ് പടം; ‘ഭീഷ്മപർവ്വം’ റിവ്യൂ