സിനിമ റിലീസായി ഒരുമാസം കഴിഞ്ഞിട്ടും ‘മിന്നൽ മുരളി’യുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വിദേശരാജ്യങ്ങളിലെ സിനിമ ആരാധകർ പോലും ഇരുകയ്യും നീട്ടി സ്വീകരിച്ച മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ ഇപ്പോഴിതാ ചോദ്യപേപ്പറിലും ഇടംപിടിച്ചിരിക്കുകയാണ്.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ചോദ്യക്കടലാസിലാണ് ‘മിന്നൽ മുരളി’ കടന്നു കൂടിയത്. ചിത്രത്തിലെ വില്ലൻ ഷിബു, ജോസ് മോൻ എന്നീ കഥാപാത്രങ്ങളും സ്ഥലങ്ങളും ഒക്കെ ചോദ്യത്തിൽ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചോദ്യപേപ്പർ പങ്കുവെച്ചത്. “ദേശം , കണ്ണാടിക്കൽ , കുറുക്കൻമൂല എല്ലാം ഉണ്ട്” എന്ന് കുറിച്ചുകൊണ്ടായിരുന്നു ബേസിലിന്റെ പോസ്റ്റ്.
മുദ്രനിരപ്പിലെ സ്ഥലമായ കുറുക്കൻമൂലയിൽ കുളിക്കാൻ ചൂടുവെള്ളം തിളപ്പിക്കാൻ പോവുകയായിരുന്നു മിന്നൽ മുരളി. അപ്പോഴാണ് 100 ഡിഗ്രി സെൽഷ്യസിന് താഴെ വെള്ളം തിളയ്ക്കുമെന്ന് അനന്തരവൻ ജോസ്മോൻ പറയുന്നത്. എന്നാൽ അങ്ങനെ സാധ്യമല്ലെന്നു മിന്നൽ മുരളി വാദിച്ചു.. എന്നിങ്ങനെയാണ് ആദ്യ ചോദ്യം തുടങ്ങുന്നത് ഇതിന്റെ താഴെ മറ്റു ഉപചോദ്യങ്ങളുമുണ്ട്. എല്ലാ ചോദ്യത്തിനും കൂടി ആകെ 50 മാർക്കാണ് ലഭിക്കുക.
ബേസിലിന്റെ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. “ഇനി ഓരോ ചോദ്യത്തിനും 15 മർക്കിനുള്ള ഉത്തരോം കൂടി എഴുതി ഇട്. കാണട്ടെ പഴേ എന്ജിനീറിങ് വിദ്യാർത്ഥിയുടെ പവർ”, “സംവിധായകൻ എന്ന നിലയ്ക്കും CET എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർത്ഥി എന്ന നിലയിലും ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബേസിൽ ജോസഫ് ബാധ്യസ്ഥനാണ്”, “പണ്ട് സിനിമാ കഥ ഉത്തര പേപ്പറിൽ എഴുതിയാൽ കളിയാക്കുമായിരുന്നു… ഇപ്പോ എങ്ങനിരിക്കണ്” എന്നൊക്കെയാണ് കമന്റുകൾ.
Also Read: ഞാനും എന്റെ ബജാജ് സണ്ണിയും; ത്രോബാക്ക് ചിത്രവുമായി ദിവ്യ ഉണ്ണി
ഇടിമിന്നൽ ഏൽക്കുന്നതിലൂടെ അത്ഭുതശക്തികൾ ലഭിക്കുന്ന ജെയ്‌സൺ എന്ന യുവാവിന്റെ കഥയാണ് ‘മിന്നൽ മുരളി’ എന്ന ചിത്രം പറയുന്നത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്, ഷെല്ലി എൻ കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ‘മിന്നൽ മുരളി’ നിര്‍മ്മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്. ഡിസംബർ 24നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തിയത്.