സൂര്യ നിർമിക്കുന്ന ജ്യോതികയുടെ പുതിയ തമിഴ് ചിത്രം വരുന്നു. ബാലയാണ് പേര് തീരുമാനിച്ചിട്ടില്ലാത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനായുളള​ ചർച്ചകൾ പുരോഗമിക്കുകയാണ്. ചിത്രത്തെക്കുറിച്ചുളള ഔദ്യോഗിക അറിയിപ്പ് ഉടൻ നടത്തും. നടനും ജ്യോതികയുടെ ഭർത്താവുമായ സൂര്യയുടെ പ്രൊഡക്ഷൻ ബാനറായ 2ഡി എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്.

സൂര്യയുടെ 2ഡി എന്റർടെയിൻമെന്റ് നിർമിക്കുന്ന മഗളിർ മട്ടും എന്ന ജ്യോതികയുടെ പുതിയ ചിത്രത്തിന്റെ ടീസർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇറങ്ങിയിരുന്നു. ജ്യോതികയുടെ സ്റ്റൈലിഷ് ലുക്കും ടീസറിലെ ഡയലോഗും വൻ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കി വരുന്ന ചിത്രത്തിന്റെ ടീസറിനു ശേഷം ജ്യോതികയ്‌ക്കായി ദോശ ചുട്ട് സൂര്യ തുടങ്ങിവച്ച ദോശ ചലഞ്ചും ഏറെ ചർച്ചയായിരുന്നു.

വിവാഹ ശേഷം സിനിമയിലേക്കുളള ജ്യോതികയുടെ തിരിച്ചുവരവ് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ 36 വയതനിലേ എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രം ഏറ്റെടുത്താൽ തിരിച്ചുവരവിലെ ജ്യോതികയുടെ മൂന്നാം ചിത്രമാകും ഇത്.
suriya, jyothika

സൂര്യയുടെ രണ്ട് ചിത്രങ്ങൾ മുൻപ് സംവിധാനം ചെയ്‌ത ബാല ജ്യോതികയോടൊത്ത് സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് മുൻപ് പറഞ്ഞിരുന്നു. സൂര്യയെ താര പദവിലേക്ക് ഉയർത്തുന്നതിന് സഹായിച്ച രണ്ട് ചിത്രങ്ങൾ ബാലയുടേതായിരുന്നു. 2001ൽ സൂര്യയുടെ ആദ്യ വലിയ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രം നന്ദ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമായി. ചിത്രത്തിലെ അഭിനയത്തിന് സൂര്യയ്‌ക്ക് വലിയ അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. പിതാമഹൻ എന്ന ബാലയുടെ 2003ലെ ചിത്രം സൂര്യയുടെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ