ലോക്ക്ഡൗൺ കാലത്തെ വളരെ പോസിറ്റീവ് ആക്കി മാറ്റുകയാണ് യുവസംവിധായകരിൽ ശ്രദ്ധേയനായ അരുൺ ഗോപി. ലോക്ക്ഡൗൺ കാലത്ത് കൃത്യമായ വ്യായാമവും ഡയറ്റും പിൻതുടർന്ന്, ആറുമാസം കൊണ്ട് 21 കിലോ ശരീരഭാരമാണ് അരുൺ ഗോപി കുറച്ചത്. തന്റെ വർക്ക് വിശേഷങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് അരുൺ.
“ലോക്ക്ഡൗൺ സമയത്ത് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞാനാണെങ്കിൽ വെയിറ്റ് കൂടിക്കൂടി 108 കിലോയായി. ശരീരഭാരം കാരണം എനിക്ക് തന്നെ മൊത്തത്തിൽ ഒരു ബുദ്ധിമുട്ട് തോന്നി തുടങ്ങിയിരുന്നു. വേറെ പണിയൊന്നുമില്ലല്ലോ, വെറുതെയിരിക്കുകയല്ലേ എന്നാൽ ഒരു ഡയറ്റ് എടുക്കാം എന്നു വിചാരിച്ചത് അങ്ങനെയാണ്. ഏപ്രിൽ മാസം ആദ്യത്തിലാണ് വ്യായാമം ചെയ്തു തുടങ്ങുന്നത്.”
“ഞാൻ നല്ല ഭക്ഷണപ്രിയനാണ്. അതുകൊണ്ടുതന്നെ ഒരു വിധത്തിലുള്ള ഡയറ്റും എനിക്ക് ഓക്കെ ആവില്ല. കീറ്റോ ഉൾപ്പെടെ എല്ലാം ട്രൈ ചെയ്ത് പരാജയപ്പെട്ട ആളാണ്. ഇഷ്ടമുള്ള ഭക്ഷണങ്ങൾ കൺട്രോൾ ചെയ്തു കഴിച്ചുകൊണ്ടുള്ള എന്തെങ്കിലും ഡയറ്റ് മാത്രമേ എനിക്ക് ഓക്കെ ആവൂ എന്ന് തോന്നി. അങ്ങനെ, നമ്മുടെ ജഗതി ചേട്ടൻ പറയുന്നതുപോലെ ഒടുക്കം ഞാൻ തന്നെ സ്വയം ഡെവലപ്പ് ചെയ്തൊരു ഡയറ്റ് പ്ലാൻ പരീക്ഷിക്കുകയായിരുന്നു, അത് വിജയിച്ചു.” ചിരിയോടെ അരുൺ പറഞ്ഞു.
ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിങ് (ഇടവിട്ടുള്ള ഉപവാസ രീതി) ആണ് അരുൺ പരീക്ഷിച്ചത്. രാവിലെ ബ്രേക്ക് ഫാസ്റ്റ്, ഉച്ചയ്ക്ക് ലഞ്ച് എന്നിവ കഴിക്കും. വൈകിട്ട് മൂന്നര- നാലു മണിയോടെ ഡിന്നർ കഴിച്ച് നിർത്തും. പിന്നെ പിറ്റേദിവസം രാവിലെയെ ഭക്ഷണം കഴിക്കൂ. ദിവസവും നിർബന്ധമായും നാല് ലിറ്റർ വെള്ളം കുടിക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ചെയ്തില്ല. വീട്ടിൽ തന്നെ ആയതുകൊണ്ട് ഡയറ്റ് കൃത്യമായി പിൻതുടരുക എളുപ്പമായിരുന്നുവെന്നും അരുൺ പറയുന്നു.
ഭൂലോകമടിയനായ തന്നെ ഫിറ്റാക്കിയെടുത്തതിന് അരുൺ നന്ദി പറയുന്നത് സുഹൃത്തും ട്രെയിനറുമായ ജെയ്സൺ ജേക്കബിനാണ്. “സുഹൃത്ത് ജെയ്സണിന് കടവന്ത്രയിൽ ഒരു ജിമ്മുണ്ട്, ഡ്രീം ജിം. ലോക്ക്ഡൗൺകാലത്ത് ജെയ്സൺ ജിം എനിക്കായി മാത്രം തുറന്നു തന്നു, എന്നെ ട്രെയിൻ ചെയ്യിപ്പിച്ചു. ആദ്യമൊക്കെ മടിയായിരുന്നു, പക്ഷേ റിസൽറ്റ് കണ്ടു തുടങ്ങിയതോടെ ആവേശമായി.”
“എന്നെ കൊണ്ട് ഒരിക്കലും ഇതൊക്കെ പറ്റുമെന്ന് പ്രതീക്ഷിച്ചതേയില്ല. ശരീരഭാരം നൂറു കടന്നിട്ട് ആറു വർഷത്തിലേറെയായിരുന്നു. ഓരോ തവണയും ഷർട്ട് എടുക്കാൻ പോവുമ്പോൾ സൈസ് കൂടികൂടി വരികയല്ലാതെ കുറയുന്ന ലക്ഷണമേ ഉണ്ടായിരുന്നില്ല. ഇപ്പോൾ പഴയ ഷർട്ടുകളെല്ലാം മാറ്റി, ഡബ്ബിൾ എക്സൽ ആയിരുന്ന ഞാൻ ലാർജിലേക്കു വന്നു.”

എല്ലാതരത്തിലും ലോക്ക്ഡൗൺ കാലം തന്നെ സംബന്ധിച്ച് പോസിറ്റീവ് ആണെന്നാണ് അരുൺ പറയുന്നത്. “കുറേ കാര്യങ്ങൾ ചെയ്തു തീർക്കാൻ പറ്റി. ധാരാളം എഴുതി, കാണണമെന്ന് ആഗ്രഹിച്ച് മാറ്റിവച്ച സിനിമകളെല്ലാം കണ്ടു തീർത്തു. കുറേക്കാലമായി മുടങ്ങി കിടന്ന വായനയൊക്കെ നല്ല രീതിയിൽ സജീവമായി. ആരോഗ്യത്തെ കുറിച്ചൊക്കെ കൂടുതൽ ചിന്തിക്കാൻ തുടങ്ങി. മുൻപ് ഒന്നിനും സമയം കിട്ടില്ലായിരുന്നു, ഭക്ഷണം ഇഷ്ടം പോലെ വാരിവലിച്ചു കഴിക്കുകയല്ലാതെ അതിന്റെ കലോറിയെ കുറിച്ചൊന്നും ചിന്തിക്കില്ലായിരുന്നു. ഇപ്പോൾ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചും അതിൽ അടങ്ങിയിരിക്കുന്ന കലോറിയെ കുറിച്ചുമൊക്കെ ബോധവാനാണ്.”
മെലിഞ്ഞ് ഫിറ്റായതോടെ ആളുകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്നില്ലെന്നും അരുൺ പറയുന്നു. “ഇപ്പോൾ മാസ്ക് വച്ചല്ലേ എല്ലായിടത്തും പോവുന്നത്. ആർക്കും എന്നെ കണ്ടിട്ട് മനസ്സിലാവുന്നില്ല. മാസ്ക് മാറ്റുമ്പോഴാണ് അയ്യോ അരുൺ ആയിരുന്നോ എന്ന് ചോദിക്കുന്നത്. സുഹൃത്തുക്കളുടെ പ്രശ്നം എന്റെ പുതിയ രൂപത്തെ കുറിച്ചുള്ള വിഷ്വൽ ഇപ്പോഴും അവർക്ക് കൃത്യമായി കിട്ടിയിട്ടില്ല എന്നതാണ്. അരുൺ ഗോപി എന്നോർക്കുമ്പോൾ ഇപ്പോഴും പഴയ രൂപമാണ് ഓർമ വരിക എന്നാണ് പറയുന്നത്.”
“മൊത്തത്തിൽ രസകരമായൊരു അനുഭവമാണ് ഇത്. എത്രനാൾ ഇങ്ങനെ കൊണ്ടുപോവാൻ പറ്റുമെന്ന് അറിയില്ല. പരിപാലിച്ചു മുന്നോട്ടു കൊണ്ടുപോവണമെന്നാണ് ആഗ്രഹം.” അരുൺ പറഞ്ഞു നിർത്തി.
Read more: യാത്രകളിലെ പുതിയ കൂട്ടുകാരൻ; പോർഷെ കരേര സ്വന്തമാക്കി ഫഹദും നസ്രിയയും