പരസ്പരം ചേർത്തു വെച്ചു മാത്രം പറയാനാവുന്ന രണ്ട് അഭിനയവിസ്മയങ്ങളാണ് മലയാളികൾക്ക് മമ്മൂട്ടിയും മോഹൻലാലും. ഒരു നാണയത്തിന്റെ ഇരുപുറമെന്ന പോലെ, കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നവർ. തമിഴകത്തിന് സൂപ്പർസ്റ്റാർ എന്നത് രജനീകാന്ത് എന്ന ഒരൊറ്റയാൾ ആണെങ്കിൽ മലയാളികൾക്ക് അത് മമ്മൂട്ടിയും മോഹൻലാലുമാണ്. മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളായി തന്നെ തുടരുമെങ്കിലും സൂപ്പർസ്റ്റാർ യുഗം അവസാനിക്കുകയാണെന്ന് അഭിപ്രായപ്പെടുകയാണ് യുവസംവിധായകരിൽ ശ്രദ്ധേയനായ അൻവർ റഷീദ്.
“മമ്മൂട്ടിയും മോഹൻലാലും സൂപ്പർതാരങ്ങളായി തന്നെ തുടരും. എന്നാൽ സൂപ്പർ സ്റ്റാർ യുഗം അവസാനിക്കുകയാണ്. അതിനർത്ഥം പുതിയ അഭിനേതാക്കൾ വേണ്ടത്ര കഴിവുള്ളവരല്ല എന്നല്ല. ഓരോരുത്തരും അവരുടേതായ രീതിയിൽ സൂപ്പർസ്റ്റാറുകളാണ്. ആളുകൾക്ക് മമ്മൂട്ടിയേയും മോഹൻലാലിനെയും കൂടുതലും അവർ ചെയ്ത കഥാപാത്രങ്ങളിലൂടെ മാത്രമേ അറിയൂ, എന്നാൽ ഇന്ന് പ്രേക്ഷകർക്ക് ഓരോ നടന്മാരെയും അടുത്തറിയാം, സോഷ്യൽ മീഡിയയ്ക്കാണ് നന്ദി പറയേണ്ടത്. യഥാർത്ഥ ജീവിതത്തിൽ ഈ അഭിനേതാക്കൾ എങ്ങനെയാണെന്നും ഒരു പ്രത്യേക സാഹചര്യത്തോട് അവർ എങ്ങനെ പ്രതികരിക്കുമെന്നും പ്രേക്ഷകർക്ക് അടുത്ത് കാണാനാവും. അതുകൊണ്ട് തന്നെ പുതിയ അഭിനേതാക്കളെ പ്രേക്ഷകർ സൂപ്പർസ്റ്റാറുകൾ എന്ന രീതിയിൽ അല്ല നോക്കികാണുന്നത്,” അൻവർ റഷീദ് ഹിന്ദു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമായ ‘ട്രാൻസ്’ ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ‘ട്രാൻസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ വിജയചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ബാംഗ്ലൂർ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. ചിത്രം ആന്തോളജി വിഭാഗത്തിൽ പെടുന്നതാണെന്ന് മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ട്രാൻസ് ഒരു ആന്തോളജി ചിത്രമല്ലെന്ന് സംവിധായകൻ അൻവർ റഷീദ് തന്നെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.
Read more: Trance Release: കാത്തിരിപ്പിനു വിരാമം; ‘ട്രാൻസ്’ ഫെബ്രുവരി 14ന്
അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.