‘ഇത്തരം സംഭാഷണങ്ങള്‍ ആസ്വദിക്കാനുള്ളതാണോ? ‘പാര്‍വതിക്ക് പിന്തുണയുമായി രേവതി

പാര്‍വതിക്കു നേരെ ഉയരുന്ന ആക്രോശങ്ങളും ട്രോളുകളും തീര്‍ത്തും നിരാശയുണ്ടാകുന്നതെന്ന് രേവതി

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിടുന്ന പാര്‍വതിക്ക് പിന്തുണയുമായി നടി രേവതി. സൈബറിടത്തില്‍ പാര്‍വതിക്കു നേരെ ഉയരുന്ന ആക്രോശങ്ങളും ട്രോളുകളും തീര്‍ത്തും നിരാശയുണ്ടാകുന്നതാണെന്നും ഇത്തരം ആക്രമണങ്ങള്‍ ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ടെന്നും രേവതി പ്രതികരിച്ചു.

‘മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ സ്വാതന്ത്ര്യമനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ സ്ത്രീകളുടെ വിഷയത്തിലേക്കും അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിലേക്കും എത്തുമ്പോള്‍ ആ സ്വാതന്ത്ര്യം നിലനില്‍ക്കുന്നില്ല. സ്ത്രീകളെ ദൈവമായി കണ്ട് പൂജിക്കുന്നൊരിടത്ത് സ്ത്രീയുടെ അഭിപ്രായത്തിന് സ്ഥാനമില്ല!!!’

ഈ വിഷയത്തിലുള്ള ഉത്കണ്ഡയാണ് താന്‍ പങ്കുവയ്ക്കുന്നതെന്നും ഇതില്‍ തന്റെ സുഹൃത്തുക്കളും ആരാധകരും എന്താണ് ചിന്തിക്കുന്നത് എന്നറിയാന്‍ താത്പര്യമുണ്ടെന്നും രേവതി വ്യക്തമാക്കി. ക്രിയാത്മകമായി പ്രതികരിക്കാനുള്ള ഒരു വേദിയാണ് സോഷ്യല്‍ മീഡിയ. പിന്നെ എന്തിനാണ് സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ ആക്ഷേപിക്കാനുള്ള ഒരിടമാക്കി അതിനെ മാറ്റുന്നതെന്നും രേവതി ചോദിച്ചു.

‘സിനിമയില്‍ അംഗീകരിക്കപ്പെടുന്ന ഒരു സ്ഥാനത്തെത്തിയ അഭിനേതാക്കള്‍ക്ക്, ചില കഥാപാത്രങ്ങള്‍ ചെയ്യുമ്പോളും സംഭാഷണങ്ങള്‍ പറയുമ്പോളും യാതൊരു സാമൂഹിക ഉത്തരവാദിത്തവും ഇല്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? സിനിമ എന്റര്‍ടെയ്‌മെന്റിനുള്ളതാണ്, എന്നാല്‍ മറ്റുള്ളവരെ നിന്ദിച്ചുകൊണ്ടുള്ള ഇത്തരം സംഭാഷണങ്ങളും പാട്ടുകളും ആസ്വദിക്കാനുള്ളതാണോ’ എന്നും പാര്‍വതി ചോദിച്ചു.

രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി കസബ എന്ന ചിത്രത്തെയും അതിലെ കഥാപാത്രത്തെയും സംഭാഷണങ്ങളെയും വിമര്‍ശിച്ചത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില സംഭാഷണങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും ഇത്രയും വലിയൊരു സ്ഥാനത്തിരിക്കുന്ന നടന്‍ അങ്ങനെ പറയുമ്പോള്‍ അത് മഹത്വവത്കരിക്കപ്പെടുകയാണെന്നും അതുകൊണ്ട് ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു.

എന്നാല്‍ പാര്‍വതി മമ്മൂട്ടിയെ ലക്ഷ്യം വച്ചും അപമാനിച്ചുമാണ് സംസാരിച്ചതെന്ന പേരില്‍ അവരെ കൂട്ടമായി സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചിരുന്നു. ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയിലെ ഏറ്റവും മികവുറ്റ നടന്മാരില്‍ ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിനും ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിനും ആരാധകരോടും നന്ദിയുണ്ടെന്ന് പറഞ്ഞ് പാര്‍തി തന്നെ രംഗത്തെത്തിയിരുന്നു. അതിനു പുറകെയാണ് രേവതിയുടെ പ്രതികരണം.

സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന് പോസിറ്റീവും നെഗറ്റീവുമായ നിരവധി പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ഈ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും താനും അതിന്റെ ഭാഗമാണെന്നും രേവതി പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്നും രേവതി പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Director and actress reavathi supports parvathy on criticizing mammottys kasaba

Next Story
ഹൃത്വികും കോഹ്ലിയും പിന്നില്‍: ഏഷ്യയിലെ സെക്‌സിയെസ്റ്റ് മാന്‍ പദവി ഷാഹിദ് കപൂറിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com