ഏഴുവർഷങ്ങൾക്കു മുൻപ് ഒരു ഏപ്രിൽ നാലിനായിരുന്നു സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദും ജ്യോതിർമയിയും തമ്മിലുള്ള വിവാഹം. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം.
ഏഴു വർഷങ്ങൾക്കിപ്പുറം വിവാഹ വാർഷിക ദിനത്തിൽ ആ വിവാഹത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് ഇരുവരുടെയും കുടുംബ സുഹൃത്തായ സിഐസിസി ജയചന്ദ്രൻ. “വളരെ കുറച്ചു പേർ മാത്രം പങ്കെടുത്ത, കല്യാണത്തിൽ പങ്കെടുത്തവരെല്ലാം മാലയണിഞ്ഞ ഒരു വിവാഹം ഏഴ് വർഷം മുൻപ് ഇന്നേ ദിവസം നടന്നു.
നമ്മുടെ ഓമനക്കുട്ടൻ മാഷിന്റെ മകൻ അമൽ നീരദും ജ്യോതിർമയിയും തമ്മിലുള്ള വിവാഹം. അമലിനും ജ്യോതിർമയിയ്ക്കും മഹാരാജകീയ വിവാഹവാർഷിക ആശംസകൾ,” ജയചന്ദ്രൻ കുറിച്ചു.
എറണാകുളം മഹാരാജാസ് കോളേജിലെ മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ സി.ആർ ഓമനക്കുട്ടന്റെ മകനാണ് അമൽനീരദ്. സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ അമൽ റാം ഗോപാൽ വർമ്മയ്ക്ക് ഒപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു അമൽ മലയാള സിനിമയിലെത്തിയത്.
ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ച്ലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ അമൽ മലയാളസിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭീഷ്മപർവ്വം അടുത്തിടെ ബോക്സ് ഓഫീസിൽ വൻവിജയം നേടിയിരുന്നു.