ഏറെ പ്രതീക്ഷയോടെ എത്തിയെങ്കിലും തിയേറ്ററിൽ വിജയം നേടാനാവാതെ മടങ്ങുകയായിരുന്നു അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’ എന്ന ചിത്രം. ‘പ്രേമം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഏഴു വർഷത്തെ ഇടവേള കഴിഞ്ഞ് അൽഫോൺസ് ചെയ്ത ചിത്രമായിരുന്നു ‘ഗോൾഡ്’. അതിനാൽ ചിത്രത്തിനെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ ആ പ്രതീക്ഷകൾ കാക്കാനാവാതെ ‘ഗോൾഡ്’ തിയേറ്റർ വിട്ടു. ചിത്രത്തിനെതിരെ വലിയ രീതിയിൽ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.
ചിത്രത്തെ വിമർശിച്ച പ്രേക്ഷകന് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അൽഫോൺസ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഗോൾഡ് ഒരു മോശം സിനിമ തന്നെയാണ്. അത് അംഗീകരിച്ചു അടുത്ത പടം ഇറക്ക് … സീൻ മാറും,” എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്.
“ഇത് തെറ്റാണ് ബ്രോ. നിങ്ങൾക്ക് സിനിമ ഇഷ്ടപ്പെട്ടില്ല എന്നുപറയാം. എന്റെ സിനിമ മോശം ആണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയിൽ ഞാൻ ആകെ കണ്ടത് കമൽഹാസൻ സാറിൽ മാത്രമാണ്. അദ്ദേഹം മാത്രമാണ് എന്നെക്കാൾ കൂടുതൽ സിനിമയിൽ പണി അറിയാവുന്ന വ്യക്തി,” അൽഫോൺസ് പുത്രന്റെ മറുപടിയിങ്ങനെ.

അൽഫോൺസിന്റെ വാക്കുകളോട് പ്രതികരിച്ച് നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. “എന്നാൽ പിന്നെ കമൽഹാസനു കാണാന്‍ മാത്രം സിനിമ ചെയ്യൂ പുത്രേട്ടാ. അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിന് മാത്രമേ ഉള്ളോ? സമ്പാദിച്ച് കിട്ടുന്ന കാശിൽ നിന്ന് നൂറ് രൂപ എടുത്ത് തിയേറ്ററിൽ വരുന്ന ഞങ്ങളൊക്കെ അപ്പൊ പൊട്ടന്മാരാണോ?? വിമർശനങ്ങൾ നേരിടാനുള്ള സഹിഷ്ണുത കാണിക്കുന്നതിൽ തെറ്റില്ല എന്ന് ഓർമ്മപ്പെടുത്തുന്നു,” എന്നാണ് ഒരു പ്രേക്ഷകന്റെ പ്രതികരണം.
ഞങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം കമൽഹാസന് തീറെഴുതി കൊടുത്തിട്ടില്ല, പടം കണ്ടവർക്ക് അഭിപ്രായം പറയാൻ പറ്റില്ലേ?,ഒരു കലാകാരനും വിമർശനങ്ങൾക്ക് അതീതനല്ല എന്നിങ്ങനെ പോവുന്നു പ്രേക്ഷകരുടെ പ്രതികരണങ്ങൾ.
പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നതിനൊപ്പം അജ്മൽ അമീർ, ജഗദീഷ്, സൈജു കുറുപ്പ്, അൽതാഫ്, കൃഷ്ണശങ്കർ, വിനയ് ഫോർട്ട്, റോഷൻ മാത്യു,സാബുമോൻ, ലാലു അലക്സ്, ശബരീഷ് വർമ്മ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ദീപ്തി സതി, ബാബുരാജ്, ശാന്തികൃഷ്ണ, ഷമ്മി തിലകൻ, ഇടവേള ബാബു, അബു സലിം, സുരേഷ് കൃഷ്ണ, തെസ്നി ഖാൻ, ജാഫർ ഇടുക്കി തുടങ്ങി 23 ഓളം താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ‘ഗോൾഡ്’ നിര്‍മ്മിച്ചത്.