scorecardresearch

മലർ ജോർജിനെ മറന്നതോ, ഒഴിവാക്കിയതോ?; സംശയം തീർത്ത് അൽഫോൺസ് പുത്രൻ

പ്രേമത്തിൽ ക്ലൈമാക്സ് അവശേഷിപ്പിക്കുന്ന സംശയത്തിന് ഉത്തരം നൽകുകയാണ് സംവിധായകൻ

മലർ ജോർജിനെ മറന്നതോ, ഒഴിവാക്കിയതോ?; സംശയം തീർത്ത് അൽഫോൺസ് പുത്രൻ

ആറുവർഷം മുൻപ് ‘പ്രേമം’ എന്ന ചിത്രവുമായി എത്തി യുവസംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ തിയേറ്ററിൽ സൃഷ്ടിച്ച മാജിക് ചെറുതല്ല. അടുത്തിടെയാണ് മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തി കുറിച്ച ‘പ്രേമം’ റിലീസ്​​ ആയതിന്റെ ആറാം വാർഷികം ആഘോഷിച്ചത്. ജോർജ് എന്ന യുവാവിന്റെ ജീവിതത്തിൽ മൂന്നു കാലഘട്ടങ്ങളിലായി വന്നുപോവുന്ന പ്രണയത്തെ കുറിച്ചാണ് ‘പ്രേമം’ പറഞ്ഞത്. അനുപമ പരമേശ്വരൻ, സായ് പല്ലവി, മഡോണ എന്നിങ്ങനെ മൂന്നു നായികമാരും നിവിൻ പോളിയും ഒരുപറ്റം പുതുമുഖങ്ങളും തകർത്തഭിനയിച്ച ചിത്രം. എന്നിരിക്കിലും പ്രേമം എന്നു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യമെത്തുക മലർ മിസ്സും ജോർജുമാണ്.

സ്വന്തം അധ്യാപികയെ പ്രണയിച്ച ജോർജ്. അവർക്കിടയിൽ നാമ്പിടുന്ന പേരറിയാത്തൊരു വികാരം, ഭൂമിയിൽ അവർക്കുമാത്രം മനസ്സിലാവുന്ന ഒരു ബന്ധം. എന്നാൽ ഒരു അപകടത്തിൽ ഓർമശക്തി നഷ്ടപ്പെടുന്ന മലർ ജോർജിനെ മറക്കുന്നു. ഒരാൾ മറ്റൊരാളെ മറന്നുപോവുന്നതാണല്ലോ സ്നേഹത്തിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം. ആ വേദനയിൽ നീറുന്ന, വർഷങ്ങൾക്കിപ്പുറവും ഒരു നീറ്റലോടെ മലരിനെ ഓർക്കുന്ന ജോർജ് പ്രേക്ഷകരുടെ കണ്ണു നനയിച്ച കഥാപാത്രമാണ്.

എന്നാൽ, സിനിമ കണ്ടിറങ്ങിയപ്പോഴും പ്രേക്ഷകർ ഉന്നയിച്ച ഒരു സംശയം, മലർ ശരിക്കും ജോർജിനെ മറന്നുപോയതാണോ, അല്ലെങ്കിൽ മറന്നതായി ഭാവിക്കുന്നതാണോ എന്നാണ്. ആറു വർഷങ്ങൾക്കിപ്പുറവും പല പ്രേക്ഷകരിലും സംശയം ബാക്കിവയ്ക്കുന്ന ഒരു ചോദ്യമാണത്. ഇപ്പോഴിതാ, ആ ചോദ്യത്തിന് സംവിധായകൻ അൽഫോൺസ് പുത്രൻ തന്നെ ഉത്തരം നൽകിയിരിക്കുകയാണ്.

“ഒരു സംശയം, പ്രേമത്തിൽ ക്ലൈമാക്സിൽ മലർ പറയുന്നുണ്ട് ഒന്നും ജോർജിനോട് പറയാൻ താനാഗ്രഹിക്കുന്നില്ല എന്ന്. പടം പലതവണ കണ്ടിട്ടും ഞങ്ങൾക്ക് സംശയം ബാക്കിയാണ്, ശരിക്കും മലരിന് ഓർമ നഷ്ടപ്പെട്ടതാണോ? അതോ മനപൂർവ്വം ജോർജിനെ അവഗണിക്കാൻ ചെയ്തതാണോ? അതോ അടുത്തിടെ മാത്രം ഓർമ തിരിച്ചുകിട്ടിയതും ജോർജിന്റെ വിവാഹം ആയതുകൊണ്ട് മാത്രം പറയാതിരിക്കുന്നതുമാണോ?” എന്നായിരുന്നു സ്റ്റീവൻ മാത്യു എന്ന പ്രേക്ഷകന്റെ ചോദ്യം.

“മലരിന് ഓർമ നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഓർമ തിരികെ കിട്ടിയപ്പോൾ അവൾ ചിലപ്പോൾ അറിവഴഗനുമായി സംസാരിച്ചിരിക്കാം. അവൾ അവിടെയെത്തുമ്പോൾ ജോർജും സെലിനും സന്തോഷത്തോടെയിരിക്കുന്നു എന്നു മനസ്സിലാവുന്നു. എന്നാൽ സൂപ്പർ ജോർജിന് മനസ്സിലാവുന്നുണ്ട്, മലരിന് ഓർമ തിരികെ കിട്ടിയിട്ടുണ്ടെന്ന്. അത് സംഭാഷണങ്ങളിലൂടെ പയുന്നില്ല, ആംഗ്യങ്ങളിലൂടെയും ഹാർമോണിയത്തിന് പകരം ആദ്യമായി വയലിൻ ഉപയോഗിച്ചും ഞാനത് പയുന്നുണ്ട്. നിങ്ങളുടെ സംശയം തീർന്നെന്നു കരുതുന്നു. ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ ചോദ്യത്തിലെ അവസാനത്തെ പോയിന്റാണ്, അടുത്തിടെയാണ് മലരിന് ഓർമ തിരികെ ലഭിച്ചത്.” എന്നാണ് അൽഫോൺസ് ചോദ്യകർത്താവിന് മറുപടി നൽകിയത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു അൽഫോൺസിന്റെ മറുപടി.

അധികം അവകാശവാദങ്ങളൊന്നുമില്ലാതെയാണ് അൽഫോൺസ് പുത്രൻ ആറുവർഷം മുൻപ് ചിത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ചിത്രത്തിന്റെ റിലീസിനു മുൻപേ അൽഫോൺസ് ഫേസ്ബുക്കിൽ കുറിച്ചു, ‘പ്രേമം എന്ന ചലച്ചിത്രത്തിന്റെ ചിത്രസംയോജനം മിനിഞ്ഞാന്നോടെ ഏതാണ്ട് ഒരു നിലയിലായി. ഈ പടത്തിന്റെ നീളം 2 മണിക്കൂറും 45 മിനിറ്റുമാണ്. കാണികളുടെ ശ്രദ്ധയ്ക്ക്, ചെറുതും വലുതുമായി 17 പുതുമുഖങ്ങളുണ്ട് ചിത്രത്തിൽ. അതല്ലാതെ വയറു നിറച്ചു പാട്ടുണ്ട് പടത്തിൽ, പിന്നെ 2 ചെറിയ തല്ലും. പ്രേമത്തിൽ പ്രേമവും കൊറച്ചു തമാശയും മാത്രമേ ഉണ്ടാവൂ. യുദ്ധം പ്രതീക്ഷിച്ച് ആരും ആ വഴി വരരുത്.” എന്നാൽ അണിയറക്കാർ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് പ്രേമത്തെ കാത്തിരുന്നത്.

Read more:കുറച്ചു തമാശയും പ്രേമവും മാത്രമേ ഉള്ളൂ, യുദ്ധം പ്രതീക്ഷിച്ച് ആരും വരരുത്; ആ ഹിറ്റ് സിനിമയെ കുറിച്ച് സംവിധായകൻ അന്നു പറഞ്ഞത്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Director alphonse puthran clears fans big doubt about premam climax