നടി സായ് പല്ലവിയുമായി താന്‍ പ്രണയത്തിലാണ് എന്നും ഉടന്‍ വിവാഹം കഴിക്കാന്‍ പോകുന്നു എന്നുമുള്ള വാര്‍ത്തകള്‍ നിഷേധിച്ച് തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‌. നടി അമലാ പോളിന്റെ മുന്‍ഭര്‍ത്താവായ എ എല്‍ വിജയ്‌, സായ് പല്ലവിയെ നായികയാക്കി ‘കരു’ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ആ സമയത്ത് ഉണ്ടായ സൗഹൃദം പ്രണയത്തിലേക്ക് എത്തി എന്നാണു വാര്‍ത്തകള്‍. എന്നാല്‍ ആ വാര്‍ത്തകള്‍ എല്ലാം ഫേക്ക് ആണ് എന്നും താന്‍ ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് എന്നും എ എല്‍ വിജയ്‌ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മുപ്പത്തിയേഴ് വയസ്സുകാരനായ എ എല്‍ വിജയ്‌, 2014ലാണ് അഭിനേത്രിയായ അമലാ പോളിനെ വിവാഹം കഴിച്ചത്. മൂന്നു വര്‍ഷം മാത്രം നീണ്ട ബന്ധം, പരസ്പരസമ്മതത്തോടെ 2017ല്‍ ഇരുവരും അവസാനിപ്പിച്ചു.

ജോര്‍ജിയയില്‍ നിന്നും മെഡിസിന്‍ ബിരുദം നേടിയ സായ് പല്ലവി സൂപ്പര്‍ ഹിറ്റ്‌ മലയാള ചലച്ചിത്രമായ ‘പ്രേമ’ത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്‌. മലയാളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ പല്ലവി ഇപ്പോള്‍ തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരില്‍ ഒരാളാണ്. ‘പ്രേമം’, ‘കലി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന ‘അതിരന്‍’ എന്ന ചിത്രത്തിലൂടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് സായ് പല്ലവി.

Read More: സ്ക്രീനില്‍ ഫഹദും സായ് പല്ലവിയും; ‘അതിരന്‍’ ഫസ്റ്റ്‍ലുക് പോസ്റ്റര്‍

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook