വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ അടുത്ത ചിത്രത്തിൽ ബോളിവുഡ് താരം ഡിംപിൾ കപാഡിയയും. ‘ടെനറ്റ്’ എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ എപിക് ചിത്രത്തിലാണ് ഡിംപിളിന് അവസരം ലഭിച്ചിരിക്കുന്നത്. ആരോൺ ടെയ്‌ലർ ജോൺസൺ, കെന്നത്ത് ബ്രനാഗ്, ക്ലെമൻസ് പോസെ, മൈക്കിൾ കെയിൻ എന്നിവരും ബുധനാഴ്ച ചിത്രത്തിൽ ജോയിൻ ചെയ്തു. , ജോൺ ഡേവിഡ്, എലിസബത്ത് ഡെബിക്കി, റോബർട്ട് പറ്റിൻസൺ എന്നിവരാണ് മറ്റു താരങ്ങൾ.
അറുപത്തൊന്നുകാരിയായ ഡിംപിൾ കപാഡിയയുടെ ആദ്യ ഇംഗ്ലീഷ് ഭാഷാചിത്രമാണ് ‘ടെനറ്റ്’. അമേരിക്കൻ പ്രൊഡക്ഷന്റെ ‘ലീല’ (2002) എന്ന ചിത്രത്തിലും മുൻപ് ഡിംപിൾ അഭിനയിച്ചിട്ടുണ്ട്. ഏഴുരാജ്യങ്ങളിൽ ചിത്രം റിലീസിനെത്തും. വാർണർ ബ്രോസ് പിക്ച്ചറാണ് ചിത്രത്തിന്റെ വിതരണക്കാർ. ക്രിസ്റ്റഫർ നോളൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഐമാക്സിലും 70 എംഎം ഫിലിമിലുമാണ് ‘ടെനറ്റി’ന്റെ ചിത്രീകരണം. 2020 ജൂലൈയിൽ ചിത്രം തിയേറ്ററുകളിലെത്തും.

ഇൻസോംനിയ, ബാറ്റ്മാൻ സിനിമാ ത്രയമായ ബാറ്റ്മാൻ ബിഗിൻസ്, ദ ഡാർക്ക് നൈറ്റ്, ദ ഡാർക്ക് നൈറ്റ് റൈസസ്, ദ പ്രസ്റ്റീജ്, ഇൻസെപ്ഷൻ, ഇന്റർസ്റ്റെല്ലാർ തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത നോളന്റെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം ‘ഡൺകിർക്ക്’ ആയിരുന്നു.
അതേസമയം, 2015 ൽ റിലീസിനെത്തിയ അനീസ് ബസ്‌മിയുടെ ‘വെൽക്കം ബാക്കി’ലാണ് ഒടുവിൽ നമ്മൾ ഡിംപിൾ കപാഡിയയെ കണ്ടത്. തന്റെ പതിനാറാം വയസ്സിൽ രാജ് കപൂറിന്റെ ‘ബോബി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഡിംപിൾ പിന്നീട് രുദാലി, ഗർദ്ദിഷ്, ക്രാന്തിവീർ, ദിൽ ചഹ്താ ഹെ, ബീയിങ് സൈറസ്, ഫൈൻഡിംഗ് ഫാനി എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. രുദാലിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും ഡിംപിളിനെ തേടിയെത്തിയിരുന്നു,
രാജേഷ് ഖന്നയെ വിവാഹം ചെയ്ത ഡിംപിൾ വിവാഹമോചനത്തിനു ശേഷം ‘സാഗർ’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. നടിയും അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൾ ഖന്നയും റിങ്കി ഖന്നയും മക്കളാണ്.
Read more: അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിളിനെ കാത്തുനിന്ന യാചകന്റെ മനസ്സ് നിറഞ്ഞു!