മൂന്നു ദേശീയ പുരസ്കാരങ്ങളും രണ്ട് സംസ്ഥാന പുരസ്കാരങ്ങളുമടക്കം നിരവധിയേറെ അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സജീവ് പാഴൂർ ആയിരുന്നു. ചിത്രം തിയേറ്ററുകളിലെത്തിയിട്ട് മൂന്നു വർഷം പൂർത്തിയാകുമ്പോൾ ലൊക്കേഷൻ ഓർമകളും ചിത്രങ്ങളും പങ്കുവയ്ക്കുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ.
‘കൂട്ടായ്മയുടെ മൂന്നുവർഷങ്ങൾ’ എന്നാണ് ദിലീഷ് പോത്തൻ കുറിക്കുന്നത്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. ബിജിബാലിന്റെ സംഗീതവും റഫീഖ് അഹമ്മദിന്റെ ഗാനങ്ങളുമെല്ലാം ചിത്രത്തെ മികച്ചൊരു അനുഭവമാക്കാൻ സഹായിച്ചിട്ടുണ്ട്.
അലൻസിയർ, നിമിഷ സജയൻ, സിബി തോമസ്, വെട്ടുകിളി പ്രകാശ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. കാസർകോഡ്, വൈക്കം, ചേർത്തല എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.
ഏറെ നിരൂപകപ്രശംസ നേടിയ ചിത്രമായിരുന്നു ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെയും സുരാജ് വെഞ്ഞാറന്മൂടിന്റെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച മലയാളചിത്രം, മികച്ച തിരക്കഥാകൃത്ത് (സജീവ് പാഴൂർ), മികച്ച സഹനടൻ (ഫഹദ് ഫാസിൽ) എന്നീ കാറ്റഗറികളിൽ ദേശീയ പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. സംസ്ഥാന അവാർഡ് പ്രഖ്യാപനവേളയിൽ മികച്ച സ്വഭാവ നടൻ (അലൻസിയർ), തിരക്കഥാകൃത്ത് എന്ന വിഭാഗങ്ങളിലും പുരസ്കാരം ലഭിച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook