മലയാളസിനിമയിലെ ഏറ്റവും പ്രോമിസിംഗ് ആയ സംവിധായകരുടെ ലിസ്റ്റെടുത്താൽ അതിൽ തള്ളികളയാനാവാത്ത ഒരു സാന്നിധ്യമാണ് ദിലീഷ് പോത്തന്റേത്. മലയാള സിനിമാ ആരാധകർക്ക് നിരന്തരം ചർച്ച ചെയ്യാനും കണ്ടെത്താനുമായി ഓരോ സിനിമകളിലും പോത്തേട്ടൻസ് ബ്രില്ല്യൻസ് ഒളിപ്പിച്ചുവയ്ക്കുന്ന സംവിധായകൻ. തന്റെ സിനിമകളിലെ ഓരോ രംഗങ്ങളിലും പരമാവധി സൂക്ഷ്മാംശങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ദിലീഷ് പോത്തനിലെ സംവിധായക മികവിന് സിനിമാപ്രേമികൾ നൽകിയ പേരാണ് പോത്തേട്ടൻസ് ബ്രില്ല്യൻസ് എന്നത്.
ദിലീഷ് പോത്തൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ജാതിക്കാത്തോട്ടത്തിൽ നിന്നും ജാതിക്കാ പറക്കുന്ന അമ്മയുടെ ചിത്രമാണ് ദിലീഷ് പങ്കുവച്ചിരിക്കുന്നത്. ‘മഴവിൽ അഴകിൽ മമ്മി’, എന്ന ക്യാപ്ഷനോടെയാണ് ദിലീഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ലോക്ക്ഡൗൺ കാലത്ത് സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിൽ പെട്ടുപോയ ദിലീഷും സംഘവും ജൂൺ ആദ്യവാരമാണ് തിരിച്ച് നാട്ടിലെത്തിയത്. ക്വാറന്റൈൻ പൂർത്തിയാക്കിയ താരം കോവിഡ് ഫലം നെഗറ്റീവായ സന്തോഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഉപ്പും മുളകും സീരിയലിന്റെ സംവിധായകൻ എസ്.ജെ.സിനു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ സിനിമയുടെ ചിത്രീകരണത്തിനാണ് സംഘം ആഫ്രിക്കയിൽ പോയത്. ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംഘം ആഫ്രിക്കയിൽ കുടുങ്ങി. 71 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കോട്ടയം ജില്ലയിലെ കുറുപ്പന്തറയ്ക്കടുത്ത് ഓമല്ലൂരിൽ ജനിച്ച ദിലീഷ് പോത്തന്റെ പിതാവ് കൊല്ലംപറമ്പിൽ ഫിലിപ്പ് ഒരു ഫിലിം റെപ്രസന്റീവ് ആയിരുന്നു. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ദിലീഷ് പോത്തൻ ജോലി ഉപേക്ഷിച്ചാണ് സിനിമാരംഗത്തേക്ക് എത്തിയത്. 2010-ൽ പുറത്തിറങ്ങിയ ‘9 KK റോഡ്’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് ദിലീഷിന്റെ തുടക്കം. തുടർന്ന് ’22 ഫീമെയിൽ കോട്ടയം’, ‘ടാ തടിയാ’, ഗാങ്ങ്സ്റ്റർ എന്നീ ചിത്രങ്ങളിൽ ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു. ഏഴോളം ചിത്രങ്ങളിൽ ദിലീഷ് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ‘സാൾട്ട് ആന്റ് പെപ്പർ’ എന്ന ചിത്രത്തിലെ അഭിനയവും തുടക്കക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് നടനായും സംവിധായകനായുമൊക്കെ മലയാള മുഖ്യധാര സിനിമയിലെ ശ്രദ്ധേയസാന്നിധ്യമായി മാറുകയായിരുന്നു ദിലീഷ് പോത്തൻ. 2016-ൽ ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ആയിരുന്നു ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രം. രണ്ടു ചിത്രങ്ങളും അതാതു വർഷങ്ങളിൽ മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്ക്കാരങ്ങൾ തുടർച്ചയായി നേടിയതോടെ അപൂർവ്വമായൊരു നേട്ടത്തിനും ദിലീഷ് അർഹനായി. തിരക്കഥാകൃത്തും സുഹൃത്തുമായ ശ്യാം പുഷ്കരനുമൊപ്പം ചേർന്ന് ‘വർക്കിങ്ങ് ക്ലാസ്സ് ഹീറോ’ എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ കമ്പനിയും ദിലീഷ് പോത്തൻ ആരംഭിച്ചു. ഇവരുടെ ബാനറിൽ നിർമ്മിച്ച ആദ്യപടമായിരുന്നു 2019ൽ പുറത്തിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്സ്’.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook