തമിഴ് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് തന്റെ ആദ്യ മലയാള ചിത്രമായ കമ്മാരസംഭവത്തിലെ വേഷം അഭിനയിച്ച് പൂര്‍ത്തിയാക്കി. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം തന്നെ പ്രാധാന്യം നല്‍കുന്ന വേഷമാണ് സിദ്ധാര്‍ത്ഥിന്റേതും.

മൂന്ന് ഷെഡ്യൂളുകളിലായാണ് നവാഗത സംവിധായകന്‍ രതീഷ് അമ്പാട്ട് സിദ്ധാര്‍ത്ഥ് അഭിനയിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം തേനിയിലാണ് സിദ്ധാര്‍ത്ഥ് തന്റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

രതീഷ് അമ്പാട്ട് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സിദ്ധാര്‍ത്ഥിന് നന്ദി പറഞ്ഞു. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു രതീഷ് അമ്പാട്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് സിദ്ധാര്‍ത്ഥ് പ്രത്യക്ഷപ്പെടുന്നത്. സിദ്ധാര്‍ത്ഥ് തന്നെയാണ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നതും.

സിദ്ധാര്‍ത്ഥിനൊപ്പം തമിഴ് താരം ബോബി സിംഹയും കമ്മാരസംഭവത്തില്‍ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് രചന നിര്‍വഹിക്കുന്ന മുരളി ഗോപിയാണ് മറ്റൊരു പ്രധാന താരം. നമിതാ പ്രമോദാണ് നായിക.

ഇനി 12 ദിവസത്തെ ഷൂട്ടിങ് കൂടിയേ ബാക്കിയുള്ളൂ. ശ്രീഗോകുലം ഫിലിംസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന കമ്മാരസംഭവം വിഷുവിന് തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ