കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഒരു പ്രമുഖ നടനെ ചോദ്യം ചെയ്‌തെന്ന റിപ്പോർട്ട് പുറത്തുവന്നതു മുതൽ പല സിനിമ താരങ്ങളുടെയും പേര് അടിസ്ഥാനമില്ലാതെ പലയിടങ്ങളിലും പരാമർശിച്ചിരുന്നു. അതിൽ നടൻ ദിലീപിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഇതിനെല്ലാം മറുപടിയുമായി ദിലീപ് തന്നെ രംഗത്തെത്തി.

തന്റെ പേര് ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ദിലീപ് ആരോപിച്ചു. ആലുവയിലെ ഒരു നടന്റെ വീട്ടിൽ പൊലീസ് ചോദ്യം ചെയ്‌തിരുന്നു എന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ തന്റെ വീട്ടിൽ പൊലീസ് വന്നിട്ടില്ലെന്നും തന്നെ ചോദ്യം ചെയ്‌തിട്ടില്ലെന്നും ദിലീപ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വാസ്‌തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നും നടനും നിർമാതാവുമായ ദിലീപ് കൂട്ടിച്ചേർത്തു.

ആലുവയിലെ ആ നടൻ ആരാണെന്ന് വാർത്ത കൊടുത്ത മാധ്യമങ്ങൾ തന്നെ വെളിപ്പെടുത്തണെമെന്നും ദിലീപ് ആവശ്യപ്പെട്ടു. പൊലീസിനോട് ചോദിച്ച് ആ നടൻ താനാണോ എന്ന് അന്വേഷിക്കണമെന്നും അതിനു ശേഷം വാർത്ത കൊടുക്കണമെന്നും ദിലീപ് പറഞ്ഞു. തനിക്കെതിരെ സംഘടിതമായി നടക്കുന്ന ആക്രമണമാണ് ഇതിനു പിന്നിലെന്നും നടൻ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ