താരസംഘടനയായ ‘അമ്മ’യില്‍ നിന്നും നാല് നടിമാര്‍ രാജിവച്ചതിനു പിന്നാലെ വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ ദിലീപ്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താന്‍ നഷ്‌ടപ്പെടുത്തിയിട്ടില്ലെന്നും അത്തരത്തിലൊരു പരാതി നടി സംഘടനയ്‌ക്കു നല്‍കിയിരുന്നെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നെന്നും ദിലീപ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമ്മയില്‍ നിന്നും തന്നെ പുറത്താക്കിയ വിവരമോ തിരിച്ചെടുത്ത വിവരമോ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും പരസ്യ പ്രതികരണത്തിന് തനിക്ക് നിയമ വിലക്കും പരിമിതികളുമുള്ളതിനാല്‍ ദിലീപ് ഇക്കാര്യം സുഹൃത്തക്കളോടാണ് പറഞ്ഞിരിക്കുന്നത്. അതേസമയം നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് താരസംഘടന ‘അമ്മ’ വ്യക്തമാക്കി.

ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി അടക്കം നാലുനടിമാർ ഇന്നലെ അമ്മയിൽ നിന്നും രാജി വച്ചിരുന്നു. റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യാ നമ്പീശൻ എന്നിവരാണ് മറ്റു നടിമാർ.

Read More: ആക്രമിക്കപ്പെട്ട നടി അടക്കം നാലു നടിമാർ അമ്മ സംഘടനയിൽനിന്നും രാജിവച്ചു

തനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല രാജി എന്നാണ് ആക്രമിക്കപ്പെട്ട നടി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഇതിനു മുന്പ് ഈ നടൻ തന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും നടി പറയുന്നു. ഇത്രയും മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചതെന്നും ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വയ്‌ക്കുകയാണെന്നും ആക്രമിക്കപ്പെട്ട നടി ഫെയ്സ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

അതേസമയം, താരസംഘടനയിലെ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള വിമൺ ഇൻ സിനിമാ കളക്‌ടീവ് അംഗങ്ങൾ അമ്മയുമായി പ്രത്യേക യോഗം സംഘടിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഈ നടിമാർ കൊച്ചിയിൽ ഇല്ലാത്തതിനാൽ ഔദ്യോഗികമായി അമ്മയ്‌ക്ക് കത്ത് കൈമാറാൻ സാധ്യതയുണ്ട്.

ജൂണ്‍ 24 ന് നടന്ന ‘അമ്മ’ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്തു ചര്‍ച്ച ചെയ്‌തതിന്റെ അനൗചിത്യം ചൂണ്ടി കാണിക്കുകയാണ് ആശയവിനിമയം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കേസിൽ പ്രതി ചേർക്കപ്പെട്ട നടനെ തിരിച്ചെടുക്കാന്‍ വേണ്ടി ‘അമ്മ’യില്‍ ഉണ്ടായ ചര്‍ച്ചയും ശ്രമങ്ങളും (ഇപ്പോള്‍ രാജി വച്ച അമ്മ അംഗവും കൂടിയായ) ആക്രമിക്കപ്പെട്ട നടിയ്‌ക്ക് സംഘടന ഒരിക്കല്‍ പൂർണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നല്‍കിയ വാക്കിന് വിരുദ്ധമാണ് എന്ന് ഈ കത്തിൽ ഓര്‍മ്മിപ്പിക്കും.

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ‘അമ്മ’ എടുക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച വേണം എന്ന് ഉന്നയിക്കും. സംഘടനാ തലത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഈ അവസരത്തില്‍ സംഭാഷണങ്ങള്‍ ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ