ഖലാസിമാരുടെ കഥ പറയുന്ന രണ്ട് ചലച്ചിത്രങ്ങളാണ് മലയാളത്തിൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ദിലീപ് നായകനാവുന്ന ഖലാസി, ഒടിയൻ സിനിമയുടെ സംവിധായകൻ വി എ ശ്രീകുമാര്‍ സംവിധാാനം ചെയ്യുന്ന മിഷൻ കൊങ്കൺ എന്നീ ചിത്രങ്ങളാണ് ഖലാസികളുടെ കഥയുമായി നിർമാണ ഘട്ടത്തിലേക്ക് പ്രവേശിക്കാനിരിക്കുന്നത്.
ദീലിപിന്റെ പുതിയ ചിത്രമായ ഖലാസിയുടെ പോസ്റ്റർ താരം തന്നെ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ‘ഇത് ഒരു കെട്ടുകഥയല്ല…കെട്ടിന്റെ കഥയാണ്’ എന്ന ടാഗ്ലൈനോടെയുള്ള പോസ്റ്ററാണ് ദിലീപ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. നവാഗതനായ മിഥിലാജാണ് സിനിമയുടെ സംവിധായകൻ. ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്ന കോമഡി ഉത്സവത്തിന്റെ പ്രൊഡ്യൂസർ ആയിരുന്നു മിഥിലാജ്. ഗോകുലം ഗോപാലനാണ് ഖലാസി നിർമിക്കുന്നത്.
മലബാർ മാപ്പിള ഖലാസികളുടെ ജീവിതമാണ് ‘ഖലാസി’ എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിനായി പടുകൂറ്റൻ സെറ്റാണ് അണിയറയിൽ ഒരുങ്ങുന്നത്. ദക്ഷിണേന്ത്യൻ സിനിമാ ഇതിഹാസങ്ങൾ ചിത്രത്തിനായി ഒന്നിക്കും. ആദ്യഘട്ടചിത്രീകരണം കോഴിക്കോട് ആരംഭിക്കും. മിഥിലാജ്, അനുരൂപ് കൊയിലാണ്ടി എന്നിവരാണ് സിനിമയുടെ തിരക്കഥ.
‘മെെ സാന്റ’യാണ് ദിലീപിന്റെതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സുഗീത് സംവിധാനം ചെയ്ത ‘മെെ സാന്റ’ തിയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മിഷന് കൊങ്കണ്‍ മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായാണ് പുറത്തിറക്കുക. ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയില്‍ കഥാപാത്രങ്ങളാകുന്നതെന്ന് നിർമാതാക്കൾ അറിയിച്ചു.
ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ രചയിതാവായ ടി.ഡി രാമകൃഷ്ണനാണ് രചന. ഹോളിവുഡ് ടെക്നീഷ്യന്മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറില്‍ രത്നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം നടക്കും.