ആഗസ്റ്റിലെ ആദ്യ ഞായറാഴ്ച ലോകമാകെ സൗഹൃദ ദിനം ആഘോഷിക്കുകയാണ്. മലയാള സിനിമാ ലോകത്തുണ്ട് എടുത്തു പറയേണ്ട നിരവധി കൂട്ടുകെട്ടുകൾ. സിനിമക്കകത്തും സിനിമക്ക് പുറത്തുമായി മലയാള സിനിമാ ലോകത്ത് എക്കാലവും മികച്ച സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്. മിക്ക കൂട്ടുകെട്ടുകളും പിറന്നത് സിനിമയില്‍ എത്തിയതിന് ശേഷമായിരുന്നു. എന്നാല്‍ അതിന് അപവാദമായി നില്‍ക്കുന്ന ചില സൗഹൃദങ്ങളും ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ദിലീപും നാദിര്‍ഷയും തമ്മിലുള്ളത്.

ഇരുവരും സിനിമയിലേക്ക് കടന്നുവന്ന വഴികളില്‍ പോലും ഏറെ സമാനതകള്‍ ഏറെയുണ്ടായിരുന്നു. ഗോപാലകൃഷ്ണന്‍ എന്ന ദിലീപിനെ ഇന്നത്തെ ദിലീപാക്കുന്നതില്‍ നാദിര്‍ഷ വഹിച്ച പങ്ക് വളരെ വലുതാണ്. ഇപ്പോഴും ദിലീപിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ നാര്‍ദിഷ ശക്തമായ സാന്നിദ്ധ്യമായി ഒപ്പമുണ്ട്. നാദിര്‍ഷ കൈപിടിച്ചുയര്‍ത്തിയ ദിലീപ് സിനിമയില്‍ സൂപ്പര്‍ താര ഗണത്തിലേക്ക് ഉയര്‍ന്നെങ്കിലും പരാതികളും പരിഭവങ്ങളും ഇല്ലാത്ത സൗഹൃദം ഇപ്പോഴു ഇവര്‍ക്കിടിയില്‍ നിലനില്‍ക്കുന്നു.

ഇരുമെയ്യും ഒരു മനസും എന്ന് പറയാവുന്നത്ര അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഈ സൗഹൃദത്തേക്കുറിച്ച് അറിയാത്തവര്‍ ആരും തന്നെയില്ല. വളര്‍ച്ചയില്‍ മാത്രമല്ല തകര്‍ച്ചയിലും ഇരുവരും ഒപ്പമുണ്ടായിരുന്നു. ദിലീപ് സിനിമയില്‍ താരമായപ്പോഴും നാദിര്‍ഷ മറ്റ് മേഖലകളില്‍ സജീവമായിരുന്നു. നാദിര്‍ഷയുടെ സ്റ്റേജ് പ്രോഗ്രാമുകളില്‍ ദിലീപിന്റെ പങ്കാളിത്തം ഇക്കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. മിമിക്രിയുടെ പറുദീസ എന്നുവിളിക്കുന്ന കലാഭവനിലേക്ക് ദിലീപിനെ കൈപിടിച്ച് ഉയര്‍ത്തിയതും നാദിര്‍ഷയുടെ സൗഹൃദം തന്നെയായിരുന്നു. സിനിമയില്‍ നാദിര്‍ഷ എന്ന പേരിന് വ്യക്തമായ ഒരു സ്ഥാനം ലഭിക്കുന്നത് ഇപ്പോഴാണെങ്കിലും മിമിക്രി വേദികളിലെ പെരുന്തച്ചന്‍ തന്നെയാണ് നാദിര്‍ഷ.

പ്രായം കൊണ്ട് ദിലീപാണ് സീനിയറെങ്കിലും മിമിക്രിയില്‍ നാദിര്‍ഷയാണ് സീനിയര്‍. പാട്ടെഴുത്തും സ്‌ക്രിപ്റ്റിംഗും സ്‌കിറ്റ് സംവിധാനവുമായി നാദിര്‍ഷയ്ക്ക് വ്യക്തമായ സ്ഥാനം കലാഭവനില്‍ ഉണ്ടായിരുന്നു. എല്ലാ ഓണക്കാലങ്ങളിലും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിരി വിരുന്നായിരുന്നായിരുന്നു ദേ മാവേലി കൊമ്പത്ത്. ഇതിന്റെ പതിനഞ്ചോളം ഭാഗങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തി. ഓഡിയോ കാസറ്റ് രൂപത്തിലെത്തിയ ഈ ആക്ഷേപ ഹാസ്യ പരിപാടിയിലെ പ്രധാനികള്‍ നാദിര്‍ഷയും മിമിക്രി താരം അബിയും ആയിരുന്നു.

ദേ മാവേലി കൊമ്പത്തിന്റെ പ്രമേയം എന്നത് നാട് കാണാന്‍ എത്തുന്ന മാവേലിയും അദ്ദേഹത്തിന്റെ ഭൃത്യനുമായിരുന്നു. മാവേലിക്ക് നടന്‍ ഇന്നസെന്റിന്റെയും ഭൃത്യന് നടന്‍ ജഗതി ശ്രീകുമാറിന്റേയും ശബ്ദമായിരുന്നു. ഇതില്‍ മാവേലിക്ക് ശബ്ദം നല്‍കിയത് ദിലീപായിരുന്നു. ഇത് ദിലീപിനെ മിമിക്രി മേഖലയില്‍ ശ്രദ്ധേയനാക്കി.

മഹാരാജാസ് കോളേജിലെ ബിരുദ പഠനത്തിന് ശേഷമായിരുന്നു ദിലീപ് മിമിക്രിയ ഗൗരവമായി കാണാന്‍ ആരംഭിച്ചത്. സ്റ്റേജ് മിമിക്രികളില്‍ ശ്രദ്ധേയനായ ദിലീപിന് മറ്റൊരു മേഖലയിലേക്കുള്ള മാറ്റം സംഭവിക്കുകയായിരുന്നു ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റിലൂടെ.

കലാഭവന്റെ മിമിക്രി ട്രൂപ്പിലേക്കുള്ള ഓഡീഷന്‍ നടക്കുകയായിരുന്നു. നാദിര്‍ഷയായിരുന്നു അതിന്റെ നേതൃസ്ഥാനത്ത്. ഒരു വിദേശ പരിപാടിക്ക് മുന്നോടിയായി നടത്തിയ ഓഡീഷനായിരുന്നു അത്. അന്ന് ദിലീപിനെ ആ ഒഴിവിലേക്ക് തിരഞ്ഞെടുക്കാനായിരുന്നു നാദിര്‍ഷയുടെ മനസിലുണ്ടായിരുന്നത്. എന്നാല്‍ ആ അവസരം ലഭിച്ചത് കലാഭവന്‍ മണിക്കായിരുന്നു.

1991ല്‍ പുറത്തിറങ്ങിയ ഉള്ളടക്കം എന്ന ചിത്രത്തില്‍ കമലിന്റെ സംവിധാന സഹായിയായിട്ടായിരുന്നു ദിലീപിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. അടുത്ത വര്‍ഷം തന്നെ കാസര്‍ഗോഡ് കാദര്‍ ഭായി എന്ന ചിത്രത്തിലൂടെ നാദിര്‍ഷയും സിനിമയിലെത്തി. ദിലീപ് പിന്നീട് നടനായപ്പോള്‍ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.

മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് സൗഹൃദം വളര്‍ന്നപ്പോള്‍ കലാ ജീവിതത്തിന് പുറത്തേക്കും ഇതിനെ അവര്‍ കാത്ത് സൂക്ഷിച്ചു. അതിന്റെ ഫലമായിരുന്നു ഇരുവരും ചേര്‍ന്ന ആരംഭിച്ച ദേ പുട്ട് എന്ന റെസ്റ്റൊറന്റ് ശൃംഖല. ഇരുവരും തമ്മിലുള്ള സൗഹൃദവും വിശ്വാസവും തെളിയിക്കുന്നതായിരുന്നു ഈ സംരംഭം.

നാദിര്‍ഷ ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോള്‍ ദിലീപ് നായകനാകും എന്നായിരുന്നു എല്ലാവരും കരുതിയത് എന്നാല്‍ അതിന് വിരുദ്ധമായി പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കിയായിരുന്നു ആദ്യ ചിത്രമായ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രമൊരുക്കിയത്. എന്നാല്‍ രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നിര്‍മാതാവായി ദിലീപ് എത്തി.

രണ്ട് വര്‍ഷത്തോളമായി ദിലീപിന് മലയാള സിനിമയില്‍ അത്ര നല്ലകാലമല്ല. സിനിമകളെല്ലാം ഓരോന്നായി പരാജയപ്പെടുകയാണ്. ഈ അവസരത്തിലാണ് നാദിര്‍ഷ ദിലീപിനെ നായകനാക്കി സിനിമ പ്രഖ്യാപിച്ചത്. നാദിര്‍ഷയുടെ മൂന്നാമത്തെ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സുഹൃത്തിന് വേണ്ടി ആ പ്രൊജക്ട് മാറ്റി വച്ചിട്ടാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.

കാവ്യാ മാധവനുമായുള്ള വിവാഹത്തിന് ശേഷം ദിലീപിന് പ്രേക്ഷക പ്രീതിയിലും കാര്യമായ ഇടിവുണ്ടായി. സിനിമകളുടെ പരാജയവും ദിലീപിന് ശക്തമായ പ്രതിസന്ധിയായിമായി മാറി. ഈ അവസരത്തിലായിരുന്നു ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഒരു വിദേശ പ്രോഗ്രാം നാദിര്‍ഷ ആസൂത്രണം ചെയ്യുന്നത്. ദിലീപ് ഷോ എന്ന് പേരിട്ട പ്രോഗ്രാം സംവിധാനം ചെയ്തത് നാദിര്‍ഷയായിരുന്നു.

സിനിമയ്ക്ക് അകത്തും പുറത്തും ദൃഢമായ ഈ സൗഹൃദം ആരോപണങ്ങളില്‍ നിന്നും മുക്തരല്ല. നിരവധി ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ പലപ്പോഴായി ഉയര്‍ന്നിട്ട്. എന്നാല്‍ അതെല്ലാം സിനിമയ്ക്ക് പുറത്തായിരുന്നു. ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഈ സൗഹൃദം വീണ്ടും സംസാര വിഷയമാകുന്നു. അവിടേയും കൂടെ നിന്ന പലരും തള്ളിപ്പറഞ്ഞപ്പോളും ദിലീപിന്റെ കൂടെ നാദിര്‍ഷയുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook