കൊച്ചി: ദിലീപ് നായകനായ രാമലീല ഇന്ന് തിയേറ്ററുകളിലെത്തും. മാസങ്ങള്‍ നീണ്ട പ്രതിസന്ധികള്‍ക്കൊടുവിലാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. റിലീസിങ്ങിന് തയാറെടുക്കുന്നതിന് തൊട്ടു മുമ്പാണ് നടി ആക്രമിക്കപ്പെട്ട കേസില് ദീലീപ് അറസ്റ്റിലായത്.

ദീലീപിന് ജാമ്യം കിട്ടിയ ശേഷം റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും നാല് തവണ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനിയും റിലീസ് വൈകിക്കേണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു. പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ചിത്രം തിയേറ്ററുകളില്‍ എത്തുന്ന സന്തോഷം സംവിധായകന്‍ അരുണ്‍ ഗോപി പങ്കുവച്ചു.

ചതിയുടെയും വഞ്ചനയുടെയും പടുകുഴിയില്‍ അകപ്പെട്ട് നിസഹായനായി പോകുകയും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സച്ചിയാണ് തിരക്കഥ. ചിത്രം റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കേരളത്തില്‍ 125 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക.

പുലിമുരുകന്‍ എന്ന വൻ ഹിറ്റ് ചിത്രത്തിനു ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സിനിമയാണ് രാമലീല. പ്രയാഗ മാർട്ടിൻ ആണ് ചിത്രത്തിൽ ദിലീപിന്റെ നായിക. രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തിൽ എത്തുന്നത്. 24 വർഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല.

സലിം കുമാർ, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. സച്ചിയുടേതാണ് തിരക്കഥ. ബി.കെ ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ