ദിലീപ് നായകനാവുന്ന രാമലീലയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. കണ്ണുകൾ നിറഞ്ഞ് ‘പ്രതി ഞാനാവണം എന്നൊരു തീരുമാനമുളളപോലെ’ എന്ന ഡയലോഗ് പറയുന്ന ദിലീപിനെയാണ് ടീസറിൽ കാണുന്നത്. ഒരു രംഗത്തിൽ മുകേഷുമുണ്ട്. താൻ അറസ്റ്റിലായ സംഭവത്തിൽ ജനങ്ങളോട് പറയാനുളളതാണ് ടീസറിലൂടെ ദിലീപ് പറയുന്നതെന്ന് തോന്നിപ്പോകും.

പുലിമുരുകന്‍ എന്ന വൻ ഹിറ്റ് ചിത്രത്തിനു ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സിനിമയാണ് രാമലീല. നവാഗതനായ അരുൺഗോപിയാണ് ചിത്രത്തിന്റെ സംവിധായകൻ. ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. പ്രയാഗ മാർട്ടിൻ ആണ് ചിത്രത്തിൽ ദിലീപിന്റെ നായിക. രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തിൽ എത്തുന്നത്. 24 വർഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല.

സലിം കുമാർ, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. സച്ചിയുടേതാണ് തിരക്കഥ. ബി. കെ ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ