ബോക്സോഫീസിൽ ഇന്നുവരെ ആരും കാണാത്ത പോരാട്ടത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. ഒരു കാലത്ത് പ്രണയജോഡികളായി ഒരുമിച്ച് വെളളിത്തിരയിൽ എത്തുകയും പിന്നീട് ജീവിതത്തിലും ഒന്നിക്കുകയും വർഷങ്ങൾക്കുശേഷം വിവാഹമോചനം നേടുകയും ചെയ്ത മലയാളികളുടെ എക്കാലത്തെയും പ്രിയതാരങ്ങൾ ദിലീപും മഞ്ജു വാര്യരും ആണ് ബോക്സോഫീസിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഇതിനു മുൻപ് ഒരിക്കലും ഇരുവരുടെയും ചിത്രങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയിട്ടില്ല.

ഏറെ പ്രതിസന്ധികൾ മറികടന്നാണ് ദിലീപ് ചിത്രം രാമലീല തിയേറ്ററുകളിലെത്തിലെത്തുന്നത്. ജൂലൈയിൽ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമാണ് രാമലീല. ഇതിനുപിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായത്. ഇതോടെ ചിത്രത്തിന്റെ റിലീസ് വൈകി. ദിലീപിന് ജാമ്യം കിട്ടിയശേഷം റിലീസ് മതിയെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മൂന്നു തവണ ജാമ്യം ലഭിക്കാതായതോടെ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചു. ചിത്രത്തിന്റെ റിലീസ് തീയതി സംവിധായകൻ അരുൺ ഗോപി പ്രഖ്യാപിച്ചതോടെ ചിത്രം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചാരണങ്ങളുണ്ടായി. മാത്രമല്ല ചിത്രം റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടം കോടതിയിൽ ഹർജി നൽകി. എന്നാൽ കോടതി ഇത് തളളി.

രാമലീലയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമായതോടെ പിന്തുണയുമായി മഞ്ജു വാര്യർ രംഗത്തെത്തി. ‘‘ഉദാഹരണം സുജാതയ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് ‘രാമലീല’. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തിയേറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല, ഒരുപാടുപേരാണ്. ‘രാമലീല’, ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരുവരാത്തവരുടേയുമാണ്. സിനിമ തിയേറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ, കാലം നമുക്ക് മാപ്പുതരില്ല. ‘രാമലീല’ പ്രേക്ഷകര്‍ കാണട്ടെ…കാഴ്ചയുടെ നീതി പുലരട്ടെ”- മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. സംവിധായകൻ ലാൽ ജോസ്, ആഷിഖ് അബു, ജോയ് മാത്യു തുടങ്ങിയവരും രാമലീലയ്ക്ക് പിന്തുണ അറിയിച്ചു.

മടങ്ങിവരവിനുശേഷം മഞ്ജു വാര്യർ ഏറെ പ്രതീക്ഷ പുലർത്തുന്ന ചിത്രമാണ് ഉദാഹരണം സുജാത. നവാഗതനായ പ്രവീൺ സി.ജോസഫ് ആണ് സംവിധായകൻ. സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ രൂപത്തിലാണ് മഞ്ജു ചിത്രത്തിലെത്തുന്നത്.

ബോക്സോഫിസിൽ ആര് ജയം നേടുമെന്നാണ് ഇനി അറിയേണ്ടത്. കുടുംബപ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ദിലീപും മഞ്ജുവും. ഇരുവരുടെയും ചിത്രങ്ങൾ ഒരുമിച്ച് തിയേറ്ററുകളിലെത്തുമ്പോൾ കുടുംബപ്രേക്ഷകരുടെ പിന്തുണ ആർക്കായിരിക്കും?.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ