മുംബൈ: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്റെ നില പുരോഗതി ഇല്ലാതെ തുടരുന്നു. ലീലാവതി ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടില്ലെങ്കിലും നില പുരോഗതി ഇല്ലാതെ തുടരുന്നതായി ലീലാവതി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സീതാറാം ഗൗഡെ പറഞ്ഞു. അദ്ദേഹത്തിന്റെ വൃക്കയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിര്‍ജ്ജലീകരണം വൃക്കയുടെ പ്രവര്‍ത്തനത്തനത്തേയും ബാധിക്കുന്നുണ്ട്.

കുറച്ചുകാലമായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലാണ് ദിലീപ് കുമാര്‍. ഇക്കഴിഞ്ഞ ഏപ്രിലില്‍ പനിയും ഛര്‍ദ്ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അന്ന് മാസങ്ങളോളം ആശുപത്രിയിലായിരുന്നു.

അറുപത്തോളം സിനിമകളില്‍ അഭിനയിച്ച ദിലീപ് കുമാറിന്റെ കരിയറില്‍ ദേവാസ് (1955), നയ ദൂര്‍ (1957), മുഗല്‍ ഇ അസം (1960), ഗംഗ യമുന (1961), ക്രാന്തി (1981), കര്‍മ്മ (1986) തുടങ്ങിയിലെ അഭിനയം എന്നും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. 1998ല്‍ ക്വിലയിലാണ് അവസാനമായി ദിലീപ് കുമാര്‍ അഭിനയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ