ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി ദിലീപും കാവ്യാ മാധവനും. കാവ്യാമാധവൻ ഗർഭിണിയാണെന്നും ദിലീപും കുടുംബവും പുതിയ അതിഥിയെ കാത്തിരിക്കുകയാണെന്നും താരത്തോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.
മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യാ മാധവനും 2016 നവംബർ 25 നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹദിവസം രാവിലെ തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് മകൾ മീനാക്ഷിയുടെ സമ്മതത്തോടെ ഞങ്ങൾ വിവാഹിതരാവുന്നു എന്ന വാർത്ത ദിലീപ് ആരാധകരെ അറിയിക്കുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു കാവ്യ.
മലയാള സിനിമയിലെ ഭാഗ്യജോഡികളായാണ് ദിലീപും കാവ്യയും അറിയപ്പെടുന്നത്. 21 സിനിമകളില്‍ ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.