താൻ കേന്ദ്ര കഥാപാത്രമാകുന്ന കമ്മാര സംഭവത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ദിലീപ് പുറത്തുവിട്ടു. ഫെയ്സ്ബുക്കിലെ പേജിലൂടെയാണ് ദിലീപ് പുതിയ ചിത്രത്തിന്റെ വരവറിയിച്ചത്. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷമാണ് ദിലീപ് നവമാധ്യമത്തിൽ തിരികെയെത്തുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യ പ്രതി സ്ഥാനത്താണ് നടൻ ദിലീപുള്ളത്. അതേസമയം താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും ദിലീപ് പറയുന്നത്. ദിലീപ് പങ്കുവച്ച ഫസ്റ്റ് ലുക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ഫെയ്സ്ബുക്കിൽ ലഭിക്കുന്നത്.

പോസ്റ്റിൽ പറയുന്നതിങ്ങനെ. “പ്രിയപ്പെട്ടവരെ, ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സോഷ്യൽ മീഡിയയിൽ, എത്‌ പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌ എന്റെ ശക്തി,തുടർന്നും,നിങ്ങളുടെ സ്നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച്‌ കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ “കമ്മാരസംഭവം “എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു”, ദിലീപ് പറഞ്ഞു.

“ചരിത്രം ചമച്ചവർക്ക് സമർപ്പിതം. വളച്ചവർക്ക് സമർപ്പിതം. ഒടിച്ചവർക്ക് സമർപ്പിതം. വളച്ചൊടിച്ചവർക്ക്… സമർപ്പിതം. #കമ്മാരസംഭവം” എന്ന കുറിപ്പോടെയാണ് ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

രാമലീല സിനിമയുടെ ചിത്രത്തിന് വേണ്ടിയെടുത്ത ഒരു ചിത്രമാണ് ദിലീപ് ഇതിന് മുൻപ് പങ്കുവച്ചത്. 2017 ജൂലൈ 10നായിരുന്നു അത്. ഇതിന് മുൻപ് രാമലീലയുടെ തന്നെ ടീസർ പുറത്തുവിടുന്നത് അറിയിച്ചുകൊണ്ടായിരുന്നു മറ്റൊരു പോസ്റ്റർ. ഇതിനോടകെ 44000 ൽപരം ലൈക്കുകളും 4000ത്തിലേറെ ഷെയറുകളും പോസ്റ്റിന്് ലഭിച്ചിട്ടുണ്ട്.

ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. രതീഷ് അമ്പാട്ടാണ് ഈ ദിലീപ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ