ജീവിതത്തിലെ മോശം സമയത്തും ഒപ്പം കൂടെ ഉണ്ടായതിന് മലയാളി പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് ദിലീപ്. 22 വർഷക്കാലം മലയാള സിനിമയിൽ എന്നെ നിലനിർത്തിയതിന് പ്രേക്ഷകരോട് നന്ദിയും കടപ്പാടും ഉണ്ടെന്ന് ദിലീപ് പറഞ്ഞു. തന്റെ പുതിയ ചിത്രം കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ദിലീപ് മനസ് തുറന്നത്. ഇത് തന്റെ രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണെന്നും പ്രേക്ഷകരെ വീണ്ടും കാണാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നും വികാരാധീനനായി കൊണ്ട് ദിലീപ് പറഞ്ഞു.

5 വ്യത്യസ്ത ഗെറ്റപ്പിലാണ് കമ്മാരസംഭവത്തിൽ എത്തുന്നത്. അതിൽ 3 വേഷങ്ങളാണ് പ്രധാനം. ഈ സിനിമയുടെ ഷൂട്ടിങ് ഏറെക്കുറെ കഴിഞ്ഞിട്ടും താടിവച്ച ഗെറ്റപ്പിലുളള ഭാഗം ചിത്രീകരിച്ചിരുന്നില്ല. ഏതു തരത്തിലുളള ഗെറ്റപ്പ് വേണമെന്ന സംശയത്തെ തുടർന്നാണ് ചിത്രീകരണം വൈകിയത്. ആ സമയത്താണ് വലിയൊരു സുനാമിയിൽപ്പെട്ട് 3 മാസക്കാലം പോയത്. ആ 3 മാസം കൊണ്ട് ഉണ്ടാക്കിയ താടിയാണ് സിനിമയിലെ ഒരു ഗെറ്റപ്പിലുളളത്.

വർഷങ്ങൾക്കു മുൻപേ രതീഷ് അമ്പാട്ട് ഈ സിനിമയുടെ കഥ പറഞ്ഞിരുന്നു. പക്ഷേ ചില കാരണങ്ങളാൽ അത് വൈകി. കമ്മാരസംഭവം ഞാനാണ് ആദ്യം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. പക്ഷേ ചില കാരണങ്ങളാൽ അത് എനിക്ക് ചെയ്യാൻ സാധിച്ചില്ല. അങ്ങനെയാണ് ഗോകുലം ഗോപാലനെ സമീപിക്കുന്നത്. അദ്ദേഹം സിനിമ നിർമ്മിക്കാൻ തയ്യാറായി.

സിനിമയുടെ ഷൂട്ടിങ് തുടങ്ങി നിർമ്മാതാവ് 10 കോടി രൂപ ചെലവാക്കി കഴിഞ്ഞ സമയത്താണ് എന്റെ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടായത്. സംവിധായകൻ രതീഷ് അമ്പാട്ട് എന്തു ചെയ്യണമെന്ന് അറിയാതിരുന്ന സമയത്ത് ഞാൻ തിരിച്ചുവരുന്നതുവരെ കാത്തിരിക്കാമെന്ന് നിർമ്മാതാവ് പറഞ്ഞു. ആ നല്ല മനസിന് ഒരുപാട് നന്ദി.

സിനിമയിലെ പ്രധാനമായൊരു കഥാപാത്രത്തെ അഭിനയിച്ച നടൻ സിദ്ധാർത്ഥിനോടും ദിലീപ് നന്ദി പറഞ്ഞു. സിദ്ധാർത്ഥിന്റെ നല്ല മനസ് കൊണ്ടു മാത്രമാണ് ഈ സിനിമ പൂർത്തിയാക്കാൻ സാധിച്ചത്. ഒരുപാട് സിനിമകൾ വേണ്ടെന്നുവച്ചിട്ടാണ് സിദ്ധാർത്ഥ് ഈ സിനിമയ്ക്കായി കാത്തിരുന്നതെന്നും ദിലീപ് പറഞ്ഞു. തന്റെ അഭിനയ ജീവിതത്തിൽ ഇത്രയും മികച്ചൊരു വേഷം നൽകിയതിന് തിരക്കഥാകൃത്ത് മുരളി ഗോപിയോടും ദിലീപ് നന്ദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook