ദിലീപ് ഫാൻസിനെ സംബന്ധിച്ചിടത്തോളം ഇന്ന് ആഘോഷിക്കേണ്ട ദിവസമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ദിലീപ് ചിത്രം രാമലീല തിയേറ്ററുകളിലെത്തിയ ദിനം. ദിലീപ് ആരാധകർ ചിത്രത്തെ ഇരുകൈയ്യും നീട്ടി തന്നെയാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രം കണ്ടിറങ്ങിയവർക്കും പടം സൂപ്പർ എന്നാണ് പറയാനുളളത്.

129 തിയേറ്ററുകളിലാണ് രാമലീല പ്രദർശനത്തിനെത്തിയത്. എല്ലായിടത്തും ആരാധകർ വൻ വരവേൽപാണ് ചിത്രത്തിന് ഒരുക്കിയത്. ദിലീപിന്റെ പടുകൂറ്റൻ ഫ്ലക്സുകൾ മിക്ക തിയേറ്ററുകളിലും ആരാധകർ സ്ഥാപിച്ചിരുന്നു. ഇതിൽ പാലഭിഷേകം നടത്തിയാണ് ആരാധകർ ചിത്രത്തെ വരവേറ്റത്. ചെണ്ട മേളവും ബാൻഡ് മേളവും കൂടിയായപ്പോൾ തിയേറ്റർ പരിസരം പൂരപറമ്പ് പോലെയായി. ആരാധകർ നൃത്തം വിളിച്ചും ദിലീപിന് ജയ് വിളിച്ചും രാമലീലയെ തിയേറ്ററുകളിൽ സ്വീകരിച്ചു.

ഏറെ പ്രതിസന്ധികൾ മറികടന്നാണ് ദിലീപ് ചിത്രം രാമലീല തിയേറ്ററുകളിലെത്തിലെത്തുന്നത്. ജൂലൈയിൽ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമാണ് രാമലീല. ഇതിനുപിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായത്. ഇതോടെ ചിത്രത്തിന്റെ റിലീസ് വൈകി. ദിലീപിന് ജാമ്യം കിട്ടിയശേഷം റിലീസ് മതിയെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മൂന്നു തവണ ജാമ്യം ലഭിക്കാതായതോടെ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ