താരങ്ങളെ വച്ചു മാത്രമല്ല, താരാരാധകരെ വച്ചും സിനിമയിറങ്ങുന്ന കാലമാണ് മലയാള സിനിമയില്‍ ഇപ്പോള്‍. മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടിയുടെ കഥയുമായി മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാല്‍ ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നു. മോഹന്‍ലാലിന്റെ തന്നെ ആരാധകരുടെ കഥ പറയുന്ന, ഇന്നസെന്റ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സുവര്‍ണപുരുഷനും ഉടൻ തിയേറ്ററുകളിലെത്തും.

ഇനി നടന്‍ ദിലീപിന്റെ ഊഴമാണ്. ദിലീപിന്റെ ആരാധകന്റെ കഥ പറയുന്ന ചിത്രം ‘ഷിബു’വിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ദിലീപ് കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ് ‘ഷിബു’വിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. പ്രണീഷ് വിജയന്‍ കഥയെഴുതിയ ചിത്രം, അര്‍ജുന്‍, ഗോകുല്‍ എന്നിവരാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. പുതുമുഖം കാര്‍ത്തിക്കാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘ആരാധകര്‍… അവരുടെ ആര്‍പ്പുവിളികളാണ് ഒരു നടനെ താരമാക്കുന്നത്… അവരുടെ കൂക്കുവിളികളാണ് ഒരു താരത്തെ താഴെയിറക്കുന്നതും… കറ കളഞ്ഞ ആ സിനിമ പ്രേമികളുടെ സിനിമയോടുള്ള നല്ല കഥാപാത്രങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് കൊട്ടകകളെ നിറയ്ക്കുന്നതും… സിനിമ എന്ന വ്യവസായത്തെ നിലനിര്‍ത്തുന്നതും… ഇതാ അവരില്‍ ഒരാളുടെ, അല്ല നമ്മളില്‍ ഒരാളുടെ കഥയുമായി… ജനപ്രിയനായകന്റെ ആരാധകന്റെ കഥയുമായി… ഒരു സിനിമ! സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ നിങ്ങള്‍ക്കായി,’ എന്ന അടിക്കുറിപ്പോടെയാണ് അരുണ്‍ ഗോപി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

കാര്‍ഗോ സിനിമാസിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. 90 കാലഘട്ടത്തിലെ ദിലീപിന്റെ സിനിമകള്‍ കണ്ട് ദിലീപിനോട് ആരാധന തോന്നുകയും, അതിന്റെ ആവേശത്തില്‍ സിനിമ പഠിക്കാന്‍ പോകുകയും ചെയ്യുന്ന ഷിബുവിന്റെ കഥയാണിത്. പാലക്കാടാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. സച്ചിന്‍ വാര്യരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ