“അഭിനന്ദനങ്ങൾ നമ്പി നാരായണൻ സർ, നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ്‌ മാർഗ്ഗ ദീപമായ്‌ പ്രകാശിക്കും,” ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി നേടിയെടുത്ത നമ്പി നാരായണന് അഭിനന്ദനങ്ങൾ അർപ്പിച്ച് ദിലീപ് ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.

ചാരക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹർജിയിൽ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധിയെ സ്വാഗതം ചെയ്ത് നടൻ മാധവനും സൂര്യയുമെല്ലാം രംഗത്തുവന്നിരുന്നു. അതിനു പുറകെയാണ് നടൻ ദിലീപിന്റെ ഈ വിഷയത്തിലെ പ്രതികരണവും.

കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണൻ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ ചോര്‍ത്തി എന്നായിരുന്നു ചാരക്കേസ്. കേസ് അന്വേഷിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹർജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. പിന്നീട് കേസ് സുപ്രീം കോടതിയിലെത്തുകയായിരുന്നു. ആ ഹർജിയിലാണ് ഇപ്പോൾ നമ്പി നാരായണന് അനുകൂലമായ വിധി വന്നിരിക്കുന്നത്.

ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ എസ്‌പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയൻ എന്നിവരിൽനിന്നും നമ്പി നാരായണനുള്ള നഷ്ടപരിഹാരതുക ഈടാക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചുവെന്നും കോടതി വ്യക്തമാക്കി. ഈ കേസിൽ നമ്പിനാരായണനെ ബോധപൂർവ്വം കുടുക്കിയതാണോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയമിക്കാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ