പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ സെറ്റില്‍ ദിലീപ് എത്തി. അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം ‘രാമലീല’യുടെ ഒന്നാം വാർഷികം ആഘോഷിക്കാനാണ് താരം അവിടെയെത്തിയത്. ലൊക്കേഷനില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനായ ശേഷം റിലീസ് ചെയ്ത ചിത്രമായിരുന്നു ‘രാമലീല’. അത് കൊണ്ട് തന്നെ ആ ചിത്രത്തിന് ദിലീപിന്റെ സിനിമാ ജീവിതത്തില്‍ വലിയ പ്രസക്തിയുണ്ടായിരുന്നു. പല പ്രതിസന്ധികളും കടന്നു തിയേറ്ററുകളില്‍ എത്തിയ ചിത്രം വിജയമായിരുന്നു. സിനിമ റിലീസ് ആയ സ്പെറ്റംബർ 28 എന്ന ദിവസം കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാവില്ല എന്ന് സംവിധായകന്‍ അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
“സ്പെറ്റംബർ 28!! കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാകാത്ത ദിവസം..!! കരിദിന ആഹ്വാനങ്ങൾക്കും തിയേറ്റർ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങൾക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം…!! പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല സ്വപ്ന തുല്യമായ തുടക്കം നൽകി അവർ ഞങ്ങളെ അനുഗ്രഹിച്ചു..!! നന്ദി പറഞ്ഞാൽ തീരാത്ത കടപ്പാടുകൾക്കു നടുവിൽ ഇതാ ഒരു വർഷം, രാമലീല കാണരുതെന്ന് വിളിച്ചുകൂവിയ ചാനലുകൾക്കു തല്ലിപൊളിക്കാൻ ആക്രോശിച്ചവർക്കു ബഹിഷ്കരിക്കാൻ നിർബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം മനസ്സ് അനുഗ്രഹിച്ചു നൽകിയ ഈ വിജയത്തിന് !!”
‘രാമലീല’യുടെ ഒന്നാം വാര്‍ഷികത്തിന് ട്രോളുമായി എത്തിയവര്‍ക്കും അരുണ്‍ ഗോപി നന്ദി അറിയിച്ചു.
‘നീതി’ എന്ന സിനിമയിൽ അഭിനയിക്കുകയാണ് ദിലീപ്. ഈ സിനിമയിൽ അഭിഭാഷകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്.