മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍, ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന, ഗോപാലകൃഷ്ണന്‍ എന്ന ആ മെലിഞ്ഞ ചെറുപ്പക്കാരനെ മലയാളികള്‍ക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. സിനിമയായിരുന്നു അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം. എന്നാല്‍ നടനാവുക എന്ന സ്വപ്‌നവും ഉള്ളില്‍ പേറി സിനിമാ ലോകത്തിന്റെ പടി കയറിയ അയാളെ കാത്തിരുന്നത് സഹസംവിധായകന്റെ വേഷമായിരുന്നു.

കണ്ണടച്ചു തുറക്കും മുമ്പായിരുന്നു ഗോപാലകൃഷ്ണന്‍ മലയാളത്തിന്റെ സൂപ്പര്‍താരം ദിലീപായി വളര്‍ന്നത്. കലാഭവന്റെ മിമിക്രിവേദികളില്‍ നിന്ന് അയാള്‍ സഹസംവിധായകനും, സഹനടനും, നായകനും നിര്‍മ്മാതാവും പിന്നീട് സിനിമകളുടെ റിലീസിങ് വരെ തീരുമാനിക്കുന്ന ഉയരങ്ങളിലേക്കും പറന്നു.

dileep

ചിത്രം: ദിലീപ് ഫെയ്സ്ബുക്ക് പേജ്

കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ദിലീപ് തനിക്കു കിട്ടുന്ന കൊച്ചുകൊച്ചു വേഷങ്ങളിലൂടെ കഴിവ് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 1992ല്‍ കമല്‍ തന്നെ സംവിധാനം ചെയ്ത ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ കരിയറിലെ വഴിത്തിരിവായത്. സല്ലാപത്തില്‍ നായികയായെത്തിയ മഞ്ജുവാര്യര്‍ പിന്നീട് ദിലീപിന്റെ ജീവിതത്തിലെയും നായികയായി.

dileep

പിന്നീട് തുടരെത്തുടരെ സൂപ്പര്‍ഹിറ്റുകളുമായി വെള്ളിത്തിരയില്‍ കുതിച്ചുയര്‍ന്ന ദിലീപിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കോമഡിയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നടനും അവിടെ നിന്നും സൂപ്പര്‍താര സിംഹാസനവും ദിലീപ് കൈയ്യടക്കി. സിനിമാ മേഖലയില്‍ തനിക്കെതിരെ നിലപാടെടുത്ത സംവിധായകന്‍ വിനയനെയും അദ്ദേഹം നയിച്ചിരുന്ന മാക്ട (മലയാളം സിനിമ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍) എന്ന സംഘടനയേയും നിഷ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌പ്രഭമാക്കിയതിലൂടെ ദിലീപ് മലയാള സിനിമയെ തന്റെ കൈപ്പിടിയിലൊതുക്കി. 2016 അവസാനത്തോടെ തിയേറ്റര്‍ ഉടമകളുടെ സമരം പൊളിക്കുകയും ബദല്‍ സംഘടന ആരംഭിക്കുകയും ചെയ്തതോടെ ദിലീപ് മലയാള സിനിമയിലെ ശക്തമായ സ്വാധീനമായി മാറി.

dileep

ചിത്രം: ദിലീപ് ഫെയ്സ്ബുക്ക് പേജ്

ദിലീപ് നിര്‍മ്മിച്ച ട്വന്റി20 എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം താരസംഘടനയായ അമ്മയ്ക്ക് വലിയ മുതല്‍ക്കൂട്ടായി. ഏഴു കോടി മുതൽ മുടക്കി 33 കോടിയോളം ബോക്‌സ് ഓഫീസ് കളക്ഷന്‍ വാരിയ ഈ ചിത്രം ‘അമ്മ’യുടെ ഖജനാവ് നിറയ്ക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു. സിഐഡി മൂസ, കഥാവശേഷന്‍, പാണ്ടിപ്പട, മലര്‍വാടി ആര്‍ട്‌സ് ക്ലബ്, ദി മെട്രോ, ലവ് 24*7, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലും ദിലീപ് നിര്‍മ്മാതാവായി.

മറ്റു സൂപ്പര്‍ താരങ്ങളില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരനായി സാധാരണക്കാര്‍ക്കിടയില്‍ ജീവിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു. നിരവധി പേരെ സാമ്പത്തികമായി ദിലീപ് സഹായിച്ചിരുന്നു. നടി കെപിഎസി ലളിതയും കൊച്ചിന്‍ ഹനീഫയുടെ ഭാര്യയും ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു.

ഇതിനിടയില്‍ കുടുംബ ജീവിതത്തില്‍ തിരിച്ചടികളും 2014ല്‍ മഞ്ജുവാര്യരുമായുള്ള വിവാഹ മോചനവും ശേഷം കഴിഞ്ഞവര്‍ഷം കാവ്യാ മാധവനുമായുള്ള വിവാഹവും ദിലീപിനെ വിവാദ നായകനാക്കി. അഭിനയത്തില്‍ തുടക്കക്കാരന്‍ മാത്രമായ ദിലീപിനെ വിവാഹം കഴിക്കുമ്പോള്‍ മഞ്ജു സൂപ്പര്‍ താരമായിരുന്നു. എന്നാല്‍ വിവാഹ ശേഷം ഇവര്‍ സിനിമയില്‍ നിന്നും നൃത്തരംഗത്തു നിന്നും പൂര്‍ണ്ണമായും വിട്ടുനിന്നു. ഇടക്കാലത്താണ് കാവ്യയുമായി ദിലീപ് പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നത്. അധികം താമസിയാതെ 16 വര്‍ഷം നീണ്ടു നിന്ന മഞ്ജുവുമായുള്ള ദാമ്പത്യം അവസാനിപ്പിച്ച് ദിലീപ് കാവ്യയെ വിവാഹം ചെയ്തു.

dileep

കമലിന്റെ പൂക്കാലം വരവായി എന്ന ചിത്രത്തില്‍ ദിലീപ് അസിസ്റ്റന്റായപ്പോള്‍ ബാലതാരമായി കാവ്യാ മാധവനും ചിത്രത്തിലുണ്ടായിരുന്നു. കാവ്യ തന്റെ നല്ല സുഹൃത്ത് മാത്രം ആയിരുന്നെന്നും തന്റെ പേരില്‍ ബലിയാടായ പെണ്‍കുട്ടിക്ക് ജീവിതം നല്‍കുന്നുവെന്നുമായിരുന്നു വിവാഹ സമയത്ത് ദിലീപ് പറഞ്ഞത്. പ്രേക്ഷകര്‍ക്കിടിയില്‍ ദിലീപിന്റെ ഇമേജ് ഇടിയുന്നതിന് ഇതും കാരണമായിരുന്നു. തുടര്‍ന്നാണ് നടി ആക്രമിക്കപ്പെടുന്നതും കേസില്‍ ദിലീപിന്റെ പേരുയര്‍ന്നുവരുന്നതും. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കുള്ള ദിലീപിന്റെ പിന്നീടുള്ള യാത്ര ഒടുവിൽ എത്തിച്ചേര്‍ന്നത് അറസ്റ്റിലാണ്.

നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും ഫെഫ്കയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതിനു പുറകെ ‘കൊണ്ടു നടന്നതും നീയേ ചാപ്പാ…’ എന്ന വരികളെ അന്വര്‍ത്ഥമാക്കി ദിലീപിനെ തള്ളിപ്പറഞ്ഞുകൊണ്ട് ‘അമ്മ’യും രംഗത്തെത്തി.

മിമിക്രിക്കരനില്‍ നിന്നും നായകനിലേക്കും ഇപ്പോള്‍ വില്ലന്‍ റോളിലേക്കുമാണ് ദിലീപ് എത്തിയിരിക്കുന്നത്. ഇതിനിടെ ദിലീപ് അഭിനിയിച്ച ചിത്രങ്ങള്‍ തുടര്‍ച്ചയായി തിയേറ്ററുകളില്‍ പരാജയം നേരിടുന്ന സാഹചര്യവുമുണ്ടായിരുന്നു. ‘രാമലീല’ എന്ന ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. മലയാള സിനിമയില്‍ ദിലീപിന്റെ അസ്തമനമാരംഭിച്ചോ എന്ന് കാത്തിരുന്നു കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ