ഒടുവില്‍ ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന ചര്‍ച്ചയ്ക്കും ആശങ്കകള്‍ക്കുമൊടുവില്‍ ദിലീപ് സംഘടനയിൽ ഇല്ലെന്നും അദ്ദേഹത്തിന്റെ രാജി ചോദിച്ചു വാങ്ങിയെന്നും എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുകയാണ്. മറ്റേതൊരു താരത്തേയും പോലെയല്ല സംഘടനയില്‍ നിന്നുമുള്ള ദിലീപിന്റെ പുറത്തു പോക്ക്. താരസംഘടനയുടെ നെടുംതൂണ്‍, ‘അമ്മ’യുടെ പ്രിയ പുത്രനാണ് സഹപ്രവര്‍ത്തകയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത കേസില്‍ എട്ടാം പ്രതിയായതിനെ തുടര്‍ന്ന് സംഘടനയ്ക്ക് പുറത്താകുന്നത്.
മിമിക്രി വേദികളിലൂടെ കലാരംഗത്തെത്തിയ ദിലീപ് പിന്നീട് സഹസംവിധായകനായും സഹനടനായും സിനിമയിലേയ്ക്ക് പ്രവേശിച്ചു. അധികം വൈകാതെ ജനപ്രിയ നായകനായും താരസംഘടനയായ എ എം എം എ എന്ന ‘അമ്മ’യുടെ നട്ടെല്ലുമായി. നടനൊപ്പം നിര്‍മ്മാതാവും ബിസിനസുകാരനുമായി മാറിയ ദിലീപ് എഎംഎംഎയുടെ ട്രഷറർ പദവിയും വഹിച്ചു.
‘സല്ലാപം’ എന്ന സിനിമ സൂപ്പര്‍ ഹിറ്റായതാണ് ദിലീപിനെ നായക പദവിയിലേക്ക് ഉയര്‍ത്തിയത്. ഒരര്‍ത്ഥത്തില്‍ പിന്നീട് ദിലീപിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രതിഫലക്കാര്യത്തില്‍ മലയാളത്തിന്റെ സൂപ്പര്‍-മെഗാസ്റ്റാറുകള്‍ക്കൊപ്പം വളര്‍ന്നു.
Read More: ‘സ്നേഹത്തടവില്‍’ ദിലീപ്; ഇന്ന് അമ്പതാം പിറന്നാള്‍
‘സിഐഡി മൂസ’ എന്ന ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്തേക്കും ദിലീപ് ചുവടു വച്ചു. ‘ഗ്രാന്റ് പ്രൊഡക്ഷന്‍സ്’ എന്ന പേരില്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ഒരു ഘട്ടത്തില്‍ താരസംഘടനയായ ‘അമ്മ’യുടെ ചലച്ചിത്ര നിര്‍മാണം പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍ അവിടേയും ദിലീപ് രക്ഷകനായി. മലയാളത്തിലെ എല്ലാ നടീനടന്മാരെയും ഉള്‍പ്പെടുത്തി ‘ട്വന്റി ട്വന്റി’ എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് സംഘടനയ്ക്ക് ദിലീപ് കോടികളുടെ ലാഭമുണ്ടാക്കിക്കൊടുത്തു. ഇതോടെ ദിലീപ് സംഘടനയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മാറി.
അതിനു ശേഷമാണ് വിവിധ ബിസിനസ് രംഗങ്ങളില്‍ ദിലീപ് നിക്ഷേപകനാകുന്നത്. എറണാകുളത്തും കോഴിക്കോട്ടും ‘ദേ പുട്ട്’ എന്ന പേരില്‍ റെസ്റ്റോറന്റും ചാലക്കുടിയില്‍ ഡി സിനിമ മള്‍ട്ടിപ്ലക്‌സ് തിയേറ്ററും ആരംഭിച്ചു. പിന്നീടാണ് മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും കാവ്യാ മാധവനുമായുള്ള വിവാഹവുമെല്ലാം.
Read More: വളര്‍ച്ചയിലും തകര്‍ച്ചയിലും ഒരുമിച്ച്… ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ
ശേഷം 2017 ഫെബ്രുവരി മാസം നടി ആക്രമിക്കപ്പെടുകയും അന്വേഷണം ദിലീപില്‍ എത്തുകയും ജൂലൈയില്‍ ദിലീപിന്റെ അറസ്റ്റുണ്ടാകുകയും ചെയ്യുന്നു. ഇതിന്റെ പുറകെ മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന അവൈലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുന്നു.
മെയ് മാസത്തില്‍ ചരിത്രത്തിലാദ്യമായി സിനിമയില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന ആരംഭിക്കുന്നു. ‘വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്’ എന്ന പേരില്‍ ആരംഭിച്ച സംഘടനയില്‍ മഞ്ജു വാര്യര്‍, രേവതി, പാര്‍വ്വതി,പത്മപ്രിയ, അഞ്ജലി മേനോന്‍,റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവരെല്ലാം അംഗങ്ങളായി. ആക്രമിക്കപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി നേടിക്കൊടുക്കുക, സിനിമയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങള്‍.
എന്നാല്‍ ഇക്കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന എഎംഎംഎ ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു (അപ്പോഴേക്കും ദിലീപ് ജാമ്യത്തില്‍ പുറത്തു വന്നിരുന്നു). ഇതില്‍ പ്രതിഷേധിച്ച് റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, ആക്രമിക്കപ്പെട്ട നടി തുടങ്ങിയവര്‍ സംഘടനയില്‍ നിന്നും രാജി വച്ചു. എന്നാല്‍ സംഘടനയില്‍ തന്നെ തുടര്‍ന്ന് പൊരുതാന്‍ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ തീരുമാനിച്ചു.
ഇവിടുന്നങ്ങോട്ട് അമ്മയും ഡബ്ല്യൂസിസിയും തമ്മില്‍ തുറന്ന പോരായിരുന്നു. താരസംഘടന ദിലീപിനോടപ്പമാണെന്ന് ഡബ്ല്യൂസിസിയും, ആക്രമിക്കപ്പെട്ട നടിയെ തങ്ങളില്‍ നിന്നും അകറ്റാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നതെന്ന് താരസംഘടനയും കുറ്റപ്പെടുത്തി.
Read More: നടനായും നായകനായും പിന്നീട് വില്ലനായും മാറിയ ദിലീപ്
ഏറ്റവുമൊടുവില്‍ ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനെ പുറത്താക്കിയെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ദിലീപില്‍ നിന്നും രാജി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരമൊരു ക്രിമിനല്‍ കുറ്റത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ ഒന്നര വര്‍ഷം നീണ്ട ആലോചന സംഘടനയ്ക്കു വേണ്ടി വന്നു എന്നത് ദിലീപിന്റെ എഎംഎംഎയിലെ സ്വാധീനത്തെ തന്നെയാണ് വ്യക്തമാക്കുന്നത്. സംഘടനയ്ക്ക് അഞ്ചരക്കോടി തന്ന ഒരാളോട് വിധേയത്വം കാണിക്കുന്നതില്‍ തെറ്റെന്താണ് എന്ന് വരെ ചോദിക്കുന്ന അംഗങ്ങള്‍ സംഘടനയില്‍ ഉണ്ടെന്ന സത്യവും കാണാതിരിക്കാന്‍ പറ്റില്ല.