കൊച്ചി: താരസംഘടനയായ എഎംഎംഎ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജി വെച്ചതെന്ന് നടന്‍ ദിലീപ്. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജി വെക്കുന്നതെന്നാണ് രാജിക്കത്തില്‍ ദിലീപ് വ്യക്തമാക്കുന്നത്. അമ്മയുടെ സഹായം നിരവധി പേര്‍ക്ക് വേണമെന്നും അവര്‍ക്ക് വേണ്ടി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് പറയുന്നുണ്ട്. മനസ്സറിയാത്ത കാര്യത്തിനാണ് താന്‍ വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

“അമ്മ എന്ന സംഘടനയിൽ നിന്നുള്ള എന്റെ രാജിക്കത്ത്‌ അമ്മയിലെ അംഗങ്ങൾക്കും,പൊതുജനങ്ങൾക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും, എല്ലാവർക്കുമായ്‌ഞാൻ പങ്കുവയ്ക്കുകയാണ്‌, അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത്‌ പുറത്ത്‌ വിടാത്തതുകൊണ്ടാണു ഇപ്പോൾ കത്ത്‌ പുറത്തുവിടുന്നത്‌. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്‌,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ്‌ വിശദമായ ചർച്ചകൾക്ക്‌ ശേഷമാണു രാജികത്ത്‌ നൽകിയത്‌. രാജികത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല”, കത്തിന്റെ പൂർണ്ണരൂപം ഫേസ്ബുക്കില്‍ പങ്കു വച്ച് കൊണ്ട് ദിലീപ് പറയുന്നു.

 

സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലാണ് ദിലീപ് രാജിവച്ചതായി പ്രഖ്യാപിച്ചത്. ദിലീപിന്റെ രാജി സംഘടന ആവശ്യപ്പെട്ടെന്നാണ് കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനെ ഖണ്ഡിക്കുന്ന പരാമര്‍ശമാണ് ദിലീപ് രാജിക്കത്തില്‍ പറയുന്നത്. മോഹൻലാൽ ഫോണിൽ വിളിച്ച് ദിലീപിന്റെ രാജി ആവശ്യപ്പെട്ടെന്നായിരുന്നു ഇവർ വ്യക്തമാക്കിയത്.

“ഞാൻ ദിലീപിനെ വിളിക്കുകയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ചാണ് ദിലീപ് രാജിവച്ചത്. എഎംഎംഎ പ്രസിഡന്റായി ഞാൻ ചുമതല ഏറ്റതുമുതലുളള പ്രശ്നമായിരുന്നു ദിലീപിന്റെ രാജി. ദിലീപ് നൽകിയ രാജി അംഗീകരിച്ചുവെന്നും” എ എം എം എ അവൈലബിൾ കമ്മിറ്റിക്കുശേഷം മോഹൻലാൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“ദിലീപ് വിഷയത്തിൽ എല്ലാവരും എന്റെ പേരാണ് എടുത്തുപറഞ്ഞത്. ചാനൽ ചർച്ചകളിൽ വരുന്നത് എഎംഎംഎ എന്നല്ല, എന്റെ പേരാണ് പറയുന്നത്. ഞാനെന്തിനാണ് അടി കൊളളുന്നത്. ദിലീപ് വിഷയം പരിഹരിച്ചുവെന്നാണ് കരുതുന്നത്”, മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Read More: ദിലീപിനോട് രാജിവയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു: മോഹൻലാൽ

AMMA president Mohanlal Addressing the media

എ എം എം എ പ്രസിഡന്റ്‌ മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നു, ചിത്രം. നിതിന്‍ കൃഷ്ണന്‍

കഴിഞ്ഞദിവസം ഡബ്ല്യൂസിസി നടത്തിയ പത്രസമ്മേളനത്തില്‍ മോഹന്‍ലാലിനും എഎംഎംഎയ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. മൂന്ന് നടിമാര്‍ എന്നാണ് മോഹന്‍ലാല്‍ തങ്ങളെ വിളിച്ചതെന്നും പേര് വിളിക്കാനുള്ള മര്യാദപോലും ലാല്‍ കാണിച്ചില്ലെന്നും രേവതി കുറ്റപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നും സിനിമയിലെ സ്ത്രീകള്‍ക്ക് തൊഴില്‍ സാഹചര്യമുണ്ടാക്കാനായി ഐസിഎ രൂപീകരിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ സംഘടന അവഗണിക്കുകയാണെന്നും തങ്ങളെ കബളിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഇതോടെയാണ് അമ്മ നടപടി എടുക്കാന്‍ നിര്‍ബന്ധിതരായത്.

Read More: പുറത്തു പോകുന്നത് ‘അമ്മ’യുടെ പ്രിയപുത്രന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook