നടന്‍ ദിലീപും കുടുംബവും കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിൽ അദ്ദേഹം ഇന്ന് വീണ്ടും ജോയിന്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.

ലാൽജോസ്, ഐ.വി. ശശി, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ നിരവധി സംവിധായകർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള രതീഷ് അമ്പാട്ട് ദിലീപ് നായകനായ ലാൽജോസ് ചിത്രം ഏഴ് സുന്ദര രാത്രികളുടെ നിർമ്മാതാക്കളിലൊരാളാണ്. വിക്രമും തമന്നയുമുൾപ്പെടെയുള്ള മുൻനിര താരങ്ങൾ അഭിനയിച്ച ഒട്ടേറെ പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

മുരളി ഗോപിയാണ് കമ്മാരസംഭവത്തിന്റെ രചന നിർവഹിക്കുന്നത്. മുരളിഗോപി ചിത്രത്തിൽ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുമുണ്ട്. തമിഴ് താരം സിദ്ധാർത്ഥും നായകതുല്യമായ വേഷമവതരിപ്പിക്കുന്നുണ്ട്. കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് കമ്മാരസംഭവത്തിൽ അവതരിപ്പിക്കുന്നത്. പഴയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം വികസിപ്പിക്കുന്നത്. ഇരുപത് ദിവസമാണ് ദിലീപ് കമ്മാര സംഭവത്തിലഭിനയിച്ചത്.

തേനിയിലും ചെന്നൈയിലും എറണാകുളത്തും തിരുവനന്തപുരത്തുമായി അവശേഷിക്കുന്ന ചിത്രീകരണത്തിൽ ദിലീപും സിദ്ധാർത്ഥും പങ്കെടുക്കുന്ന രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കാനുള്ളത്. നമിതാ പ്രമോദാണ് നായിക. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ശ്രീഗോകുലം ഫിലിംസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. അടുത്ത വിഷുവിനായിരിക്കും കമ്മാരസംഭവം തിയേറ്ററുകളിലെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook