ബോളിവുഡ് താരം സുശാന്ത് രാജ്പുതിന്റെ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും വിട്ടൊഴിയാനാകാത്ത ചിലരിൽ ഒരാളാണ് അദ്ദേഹത്തിന്റെ അവസാന ചിത്രത്തിലെ നായിക സഞ്ജന സാംഘി. സുശാന്ത് പോയതിന് ശേഷം മിക്ക ദിവസങ്ങളിലും സഞ്ജന അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ‘ദിൽ ബെച്ചാര’യുടെ ചിത്രീകരണത്തിന്റെ ഇടവേളയിൽ സുശാന്തിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ഒരു വീഡിയോയാണ് സഞ്ജന പങ്കുവച്ചിരിക്കുന്നത്.

Read more: നാനീ നാനീ എന്നു വിളിച്ച് ഒപ്പം കൂടിയിരുന്ന കുട്ടി, അവനെന്തിന് ഇത് ചെയ്തു? സുശാന്തിനെ ഓർത്ത് സുബലക്ഷ്മി മുത്തശ്ശി

“കഠിനമായ രംഗങ്ങൾ​ ചിത്രീകരിക്കുന്നതിനിടെ ചെറിയ ഇടവേള ലഭിച്ചാൽ,’വാ, നമുക്ക് കുറച്ച് നേരം ഡാൻസ് കളിക്കാം,’ എന്ന് സുശാന്ത് പറയുമായിരുന്നു എന്ന് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? ഇതാണ് ഞാൻ ഉദ്ദേശിച്ചത്. കയ്പും മധുരവും നിറഞ്ഞ് ഓർമകൾ എന്ന് ആളുകൾ പറയുമ്പോൾ. അവനെ നഷ്ടപ്പെടുന്നത് വരെ അതിന്റെ അർഥം എനിക്ക് മനസിലായിരുന്നില്ല. ഇപ്പോൾ എനിക്കറിയാം. ഈ ഓർമകളിൽ ഏതെങ്കിലും കാണുകയോ അതേക്കുറിച്ച് ഓർക്കുകയോ ചെയ്യുമ്പോൾ, അത് ശാന്തവും മധുരവും എന്നത് പോലെ കയ്പേറിയതും കഠിനവുമാണ്,” സുശാന്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് സഞ്ജന കുറിച്ചു.

ദിവസങ്ങൾക്ക് മുൻപ്, മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ചു പോകുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നൊരു ചിത്രം സഞ്ജന പങ്കുവച്ചിരുന്നു. അതോടൊപ്പം സഞ്ജന കുറിച്ച വാക്കുകൾ ഹൃദയഭേദകമായിരുന്നു.

Read More: നിന്റെ തമാശകൾ കേട്ട് ചിരിക്കണം, വഴക്കടിക്കണം; സുശാന്തിന്റെ ഓർമകളിൽ സഞ്ജന

“മുംബൈക്ക് വിട, ഞാൻ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങൾക്ക് ശേഷമാണ്. ഞാന്‍ ഡൽഹിയിലേക്ക് തിരിച്ച് പോകുകയാണ്. ഇക്കുറി, മുംബൈയുടെ തെരുവുകളിൽ അസാധാരണമായ ഒരു ശാന്തതയും ശൂന്യതയും കാണുന്നു. അവ ശൂന്യമായിരുന്നു. എന്റെ ഹൃദയവേദന എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതാകാകാം. ആല്ലെങ്കിൽ നീയും വേദനയിലായിലായിരിക്കാം. എത്രയും പെട്ടെന്ന് വീണ്ടും കാണാം. ചിലപ്പോള്‍ കാണില്ലായിരിക്കാം,” സഞ്ജനയുടെ വാക്കുകൾ.

സഞ്ജന സംഘി ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ‘ദിൽ ബെച്ചാര’. ‘ദിൽ ബെച്ചാര’ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് റിലീസിനെത്തുന്നത്. സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ​ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ജൂലൈ 24 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് വൈകുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook