ആവിഷ്കാരവും ആക്രമണവും തമ്മിലുള്ള വ്യത്യാസം കലാകാരന്മാര്‍ തിരിച്ചറിയണം എന്ന് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂന്‍ ജോഷി.
“കല രാഷ്ട്രീയപ്രവര്‍ത്തനമാകുന്നതിനോട് തനിക്കു വിയോജിപ്പില്ല, പക്ഷെ പറയുന്ന വിഷയം എന്താണ് എന്നുള്ളതിനെക്കുറിച്ച് കലാകാരന്മാര്‍ക്ക് നല്ല ബോധ്യം വേണം,” ഗാനരചയിതാവും കൂടിയായ പ്രസൂന്‍ ജോഷി പറഞ്ഞു.
“നിങ്ങള്‍ക്ക് തുറന്നു പറയാം, പ്രതികരിക്കാം, ഇതൊരു തുറന്ന ലോകമാണ്. പക്ഷെ ഏതു മേഖലയിലായാലും – സാമൂഹ്യമാകട്ടെ, കലയാകട്ടെ, വിദ്യാഭ്യാസമാകട്ടെ – പ്രതികരിക്കുന്നവര്‍ക്ക്, പ്രത്യേകിച്ചും രാഷ്ട്രീയമായി പ്രതികരിക്കുന്നവര്‍ക്ക് അവര്‍ പറയുന്നതെന്ത്, അതിന്‍റെ അന്തരഫലങ്ങള്‍ എന്താകും എന്നൊക്കെയുള്ളതിനെക്കുറിച്ച് അറിവ് വേണം, വെറുതെ ഒരു ഓളം സൃഷ്ടിക്കാനോ ഒച്ചപ്പടുണ്ടാക്കാണോ വേണ്ടി വിവാദപരമായ പ്രസ്താവനകള്‍ ഇറക്കുന്നത് ഒരു നല്ല കാര്യമായി കാണുന്നില്ല”, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഐഡിയാസ് കോണ്‍ക്ലെവ് 2017′ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രസൂന്‍ ജോഷി. ഡിജിറ്റല്‍ മീഡിയയുടെ ദിനം പ്രതി വര്‍ധിച്ചു വരുന്ന വേഗത്തില്‍ പുതിയ വെല്ലുവിളികള്‍ നേരിടുകയാണ് സിനിമാ-വിനോദ മേഖല എന്നും പ്രസൂന്‍ പ്രസ്താവിച്ചു.
“പണ്ടൊക്കെ ആളുകള്‍ ഒരു സിനിമാ റിലീസിനായി കാത്തിരിക്കുമായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി, എപ്പോള്‍ വേണമെങ്കിലും യൂട്യൂബിലോ ടെലിവിഷനിലോ സിനിമ കാണാം എന്ന അവസ്ഥയായി. തിരശീലയില്‍ കാണുന്ന താരത്തെ നമ്മള്‍ നമ്മളെക്കാള്‍ വലുതായ എന്തോ ഒന്നായിട്ടാണ് കണ്ടിരുന്നത്. ഇപ്പോള്‍ സ്ക്രീനിലെ ഒരു കൊച്ചു വിസ്തീര്‍ണ്ണത്തിലാണ് അവരെ കാണുന്നത്. അതൊരു തുല്യതയാണ് കൊണ്ട് വരുന്നത്”, താരമൂല്യത്തെ പ്രതിപാദിച്ചു കൊണ്ട് പ്രസൂന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ.
സിനിമാ മേഖലയില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന് പറയാനുള്ളത് ഇതാണ്.
“ഒരേ സാമൂഹ്യ വ്യവസ്ഥയില്‍ പെട്ടതാണ് രണ്ടും. വേര്‍തിരിച്ചു കാണാന്‍ ആവില്ല താനും. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മാത്രമേ രാഷ്ട്രീയം പറയാന്‍ പാടുള്ളൂ എന്നില്ല, രാഷ്ട്രീയം ജീവിതത്തിന്‍റെ ഭാഗമാണ്, എല്ലാ പൗരന്മാരും നിര്‍ബന്ധമായും പങ്കു ചേരേണ്ട ഒന്നാണ് രാഷ്ട്രീയം.”