നടി രേഖ എന്നും ഗോസിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും നടുവിലായിരുന്നു. നടന്മാരുടെയും സംവിധായകരുടെയും കൂടെ രേഖയുടെ പേരിൽ പലപ്പോഴും ഗോസിപ്പുകൾ ഇറങ്ങിയിരുന്നു. അത്തരത്തിൽ ശക്തമായ ഒന്നായിരുന്നു നടൻ സഞ്ജയ് ദത്തുമായി രേഖയുടെ വിവാഹം കഴിഞ്ഞിരുന്നു എന്ന വാർത്തയും.

രേഖയുടെ നെറ്റിയിൽ ഇപ്പോഴുമുളള സിന്ദൂരം സഞ്ജയ്‌യുടെ പേരിലാണ് അണിയുന്നത് എന്നുവരെ വാർത്തകൾ പരന്നു. രേഖയുടെ ജീവചരിത്രമായ രേഖ: ദി അൺടോ‌ൾഡ് സ്റ്റോറി എന്ന പുസ്‌തകത്തിൽ ഇതിനെ സാധൂകരിക്കുന്നുവെന്നാണ് വാർത്തകൾ വന്നത്. എന്നാൽ യാസർ അമൻ എഴുതിയ രേഖയുടെ ജീവചരിത്രത്തിലെ വരികൾ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് എഴുത്തുകാരൻ തന്നെ രംഗത്തെത്തി.

“ഇത് തെറ്റാണ്. എന്റെ പുസ്‌തകത്തിൽ അത്തരത്തിൽ ഒന്നും പറഞ്ഞിട്ടില്ല. ആളുകൾ ശരിയായി വായിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്, ” യാസർ ഉസ്‌മാൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. സഞ്ജയ്‌യും രേഖയും തമ്മിൽ പ്രണയമുണ്ടായിരുന്നെന്നും അവർ വിവാഹിതരായെന്നുമുളള ഗോസിപ്പുകൾ പുസ്‌തകത്തിൽ പരാമർശിച്ചതിനെക്കുറിച്ച് മറുപടി നൽകുകയായിരുന്നു യാസർ.

“സമീൻ ആസ്‌മാൻ(1984) എന്ന ചിത്രത്തിൽ രേഖയും സഞ്ജയ്‌യും ഒന്നിച്ച് അഭിനയിച്ചിരുന്നു. അവരെക്കുറിച്ചുള​ള ഗോസിപ്പുകൾ പരന്നത് ആ സമയത്താണ്. അവർ വിവാഹിതരായി എന്നുവരെ പലരും പറഞ്ഞു. ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലൂടെ അത് നിഷേധിക്കുന്നത് വരെ ആ ഗോസിപ്പുകൾ തുടർന്നു. അതൊരു ഔദ്യോഗിക അറിയിപ്പ് തന്നെയായിരുന്നു,” യാസർ കൂട്ടിച്ചേർത്തു. ഇരുവരും വിവാഹിതരായിരുന്നില്ലെന്ന് യാസർ വ്യക്തമാക്കി.

അമിതാഭ് ബച്ചനുമായി നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച രേഖ, ബിഗ് ബിയുടെ പേരിലും നിരന്തരം ഗോസിപ്പുകൾക്ക് ഇരയായി. ഇപ്പോഴും ബച്ചനും രേഖയും ഒന്നിച്ച് ഒരു വേദിയിൽ എത്തിയാൽ അതും സംസാര വിഷയമാകാറുണ്ട്. അതേസമയം, സഞ്ജയ് ദത്തിന്റെ ജീവിതം പ്രമേയമാകുന്ന ദത്ത് എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. രൺബീർ കപൂറാണ് സഞ്ജയ് ആയി സിനിമയിൽ എത്തുന്നത്. കൂടാതെ നാളുകൾക്ക് ശേഷം സഞ്ജയ് നായകനാകുന്ന ഭൂമി എന്ന ചിത്രവും പണിപ്പുരയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ