പരിനീതി ചോപ്രയുടെ ഒരു പ്രസ്താവനയാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം. താനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചതെന്ന് പരിനീതി അടുത്തിടെ പറഞ്ഞിരുന്നു. എന്നാലിത് പച്ചക്കളളമാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. പരിനീതിയുടെ സഹപാഠിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പരിനീതിയുടെ കളളത്തരം പുറത്തായത്.

അടുത്തിടെ നടൻ അക്ഷയ് കുമാറിനോടൊപ്പം പങ്കെടുത്ത പരിപാടിയിലാണ് താൻ വളർന്നുവന്ന സാഹചര്യത്തെക്കുറിച്ച് പരിനീതി പറഞ്ഞത്. ”അംബാലയിലെ ചെറിയൊരു പട്ടണത്തിലാണ് ഞാൻ വളർന്നത്. ചെറുപ്പത്തിൽ പല ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. സാധാരണ കുടുംബമായിരുന്നു എന്റേത്. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. കാറില്ലാത്തതിനാൽ സൈക്കിളിലാണ് ഞാൻ സ്കൂളിൽ പോയിരുന്നത്. വഴിയിൽ പൂവാല ശല്യവും നേരിട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ പൂവാല ശല്യം മൂലം അച്ഛൻ എന്റെ കൂടെ വരുമായിരുന്നു. എന്നെ എന്തിനാണ് സൈക്കിളിൽ വിടുന്നതെന്ന് ഞാൻ മാതാപിതാക്കളോട് ചോദിക്കുമായിരുന്നു” ഇതായിരുന്നു പരിപാടിയിൽ പരിനീതി പറഞ്ഞത്. ഇതിനെതിരെയാണ് അംബാലയിൽ പരിനീതി പഠിച്ച ജീസസ് ആൻഡ് മേരി കോൺവെന്റ് സ്കൂളിലെ സഹപാഠി കാനു ഗുപ്ത ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.

”നാണമില്ലേ പരിനീതി ചോപ്ര…സാമ്പത്തിക പശ്ചാത്തലമുളള ഒരു കുടുംബത്തിൽനിന്നും വന്നിട്ട് ഇങ്ങനെ ക്യാമറയ്ക്ക് മുന്നിൽനിന്ന് കളളം പറയരുത്. ഒരു സെലിബ്രിറ്റി ഇതൊക്കെ പറയുമെന്ന് എനിക്കറിയാം. പണമില്ല, കാറില്ല തുടങ്ങിയ കെട്ടുകഥകൾ അവർ മെനയാറുണ്ട്. ഒരേ സ്കൂളിൽ ആയിരുന്നതുകൊണ്ട് പരിനീതിയുടെ അച്ഛന് കാറുണ്ടായിരുന്നത് ഞാനിപ്പോഴും ഓർക്കുന്നു. സൈക്കിളിൽ സ്കൂളിൽ പോകുന്നത് അക്കാലത്തെ ട്രെൻഡായിരുന്നു. കാരണം എന്ന് എല്ലാവർക്കും സൈക്കിൾ ഇല്ലായിരുന്നു. ജീസസ് ആൻഡ് മേരി കോൺവെന്റിൽ പഠിച്ച എന്റെ സഹപാഠികൾക്കും പരിനീതി പറയുന്നത് കളളമാണെന്ന് മനസ്സിലാകും”-കാനു ഗുപ്തയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

കാനുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായതോടെ ട്വിറ്ററിലൂടെ പരിനീതി മറുപടിയുമായെത്തി. പെൺകുട്ടികൾ വളർന്നു വരുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് താൻ പറയാൻ ശ്രമിച്ചതെന്ന് പരിനീതി വ്യക്തമാക്കി. ഞാൻ പറഞ്ഞത് ചിലർ തെറ്റിദ്ധരിച്ചതാണെന്നും അതിനാലാണ് വ്യക്ത വരുത്താൻ ശ്രമിക്കുന്നതെന്നും പരിനീതി ട്വീറ്റ് ചെയ്തു.

”അംബാലയിലെ സ്കൂളിൽ പഠിക്കുന്ന സമയത്ത് എനിക്കോ സഹോദരന്മാർക്കോ കാറിൽ യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. ഞങ്ങളെ സ്കൂളിൽ കാറിൽ കൊണ്ടുവിടാൻ ഡ്രൈവറും ഉണ്ടായിരുന്നില്ല. അതിനാൽ സഹോദരന്മാർ ബസിലും ഞാൻ സൈക്കിളിലുമാണ് പോയിരുന്നത്. ഞാൻ സുരക്ഷിതമായി സ്കൂളിൽ എത്തുന്നുണ്ടോയെന്നറിയാൻ അച്ഛൻ കാറിൽ പുറകേ വരുമായിരുന്നു. അച്ഛന് കാറുണ്ടായിരുന്നു. പക്ഷേ അദ്ദേഹം അത് ഓഫിസ് ആവശ്യത്തിനു മാത്രമാണ് ഉപയോഗിച്ചിരുന്നത്. സ്കൂളിൽ പോകാനായി കാറുപയോഗിക്കാൻ കുട്ടികളായ ഞങ്ങളെ അനുവദിച്ചിരുന്നില്ല. ഒരു കുട്ടിയായ ഞാൻ സൈക്കിളിൽ സ്കൂളിൽ പോകുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. സ്വയം ധൈര്യം നേടുന്നതിനാണ് സൈക്കിളിൽ എന്നെ സ്കൂളിലേക്ക് അയച്ചിരുന്നതെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു”വെന്നും പരിനീതി ട്വിറ്ററിൽ എഴുതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook