/indian-express-malayalam/media/media_files/uploads/2018/12/Manju-Warrier-new-year-wish.jpg)
കോഴിക്കോട്: ആദിവാസികൾക്ക് വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്ന ആരോപണം തീർത്തും തെറ്റാണെന്ന് മഞ്ജു വാര്യർ. പദ്ധതിക്ക് വേണ്ടി നടത്തിയ സർവ്വേയിൽ ഇത് ഒരാൾക്ക് ഒറ്റയ്ക്ക് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട് അക്കാര്യം അന്ന് തന്നെ സർക്കാരിനെ അറിയിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
ഈ വിവരം അന്ന് തന്നെ സർക്കാരിനെ അറിയിച്ചിരുന്നുവെന്നും സർക്കാരിന് ഇത് ബോധ്യപ്പെട്ടതാണെന്നും മഞ്ജു വാര്യർ പറഞ്ഞു. ഏതെങ്കിലും വ്യക്തികൾക്ക് അങ്ങനെ പദ്ധതി നടപ്പാക്കാൻ സർക്കാർനിയമങ്ങൾ അനുവദിക്കുന്നുമില്ലെന്നും അവർ വിശദീകരിച്ചു.
വാർത്ത പുറത്തുവന്ന തിങ്കളാഴ്ചതന്നെ മന്ത്രി എ.കെ.ബാലനെ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നുവെന്ന് മഞ്ജു വാര്യർ പറഞ്ഞു. അദ്ദേഹത്തിന് കാര്യങ്ങൾ മനസിലായി. തന്റെ പേരിലുള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയിലുള്ളതിനാൽ മറ്റ് വികസനപദ്ധതികളിൽനിന്ന് വയനാട്ടിലെ ആദിവാസികൾ ഒഴിവാക്കപ്പെട്ടു എന്ന പ്രചാരണം തെറ്റാണ്. അങ്ങനെ സർക്കാർ പദ്ധതികളിൽ നിന്ന് അവരെ ഒഴിവാക്കില്ലെന്ന് മന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
ചിലർ ആദിവാസി സുഹൃത്തുക്കളെ ദുരുദ്ദേശ്യത്തോടെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരേ അണിനിരത്തുകയാണെന്ന് അവർ ആരോപിച്ചു. താൻ എന്നും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള ഏതു പരിപാടിയുടെയും മുൻനിരയിലുണ്ടാകുമെന്നും ഇക്കാര്യവും സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് അവരുടെ വിശദീകരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.