ബോളിവുഡ് സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കറേക്കാള്‍ ജനങ്ങള്‍ ഇത്രയും നെഞ്ചിലേറ്റിയ മറ്റൊരു ഗായിക ഉണ്ടാവില്ല. നാല് ദശാബ്ദത്തോളമാണ് ബോളിവുഡ് സംഗീത ലോകത്തെ ലത തന്റെ മാന്ത്രിക ശബ്ദം കൊണ്ട് മയക്കി വെച്ചത്. മുഹമ്മദ് റാഫി മുതല്‍ ഉദിത് നാരായണനും എആര്‍ റഹ്മാനും വരെയുളള മുകവുറ്റ സംഗീതജ്ഞര്‍ക്കൊപ്പം ലത പാട്ടു പാടി.

88ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ലതാ മങ്കേഷ്കര്‍. ഇതിഹാസ ഗായികയെ കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഏറെ ശ്രദ്ധേയമായൊരു കഥയാണ് നൗഷാദ് ലതയെ കൊണ്ട് കുളിമുറിയില്‍ വെച്ച് പാട്ട് പാടിച്ചു എന്ന കഥ. ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ തന്നെ ഭാഗമായ ‘മുഗള്‍ ഇ അസം’ എന്ന ചിത്രത്തിനായി ആലപിച്ച ‘ജബ് പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ’ എന്ന ഗാനമായിരുന്നു അത്.

ഗാനത്തില്‍ അനുഭവപ്പെടുന്ന പ്രത്യക തരത്തിലുളള പ്രതിധ്വനി കാരണമാണ് ഇത്തരമൊരു കഥ പ്രചരിച്ചത്. എന്നാല്‍ 2010ല്‍ രാജീവ് മസന്ദുമായുളള ഒരു അഭിമുഖത്തില്‍ ലത തന്നെ ഇതിന് വിശദീകരണം നല്‍കി. ഗാനത്തില്‍ ആവശ്യമായ പ്രതിധ്വനി നല്‍കാന്‍ അന്ന് സാങ്കേതികവിദ്യ അത്രയ്ക്കൊന്നും വളര്‍ന്നിട്ടില്ല. ഭൗതികമായി തന്നെ വേണം ഇത്തരം ഇഫക്ടുകള്‍ നല്‍കാന്‍. അതിനായി മൂന്ന് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്ന് ഒരേ വരികള്‍ മൂന്ന് തവണ റെക്കോര്‍ഡ് ചെയ്യും. ഇതിന് ശേഷം മൂന്ന് പാട്ടുകളും ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വെച്ച് പ്രതിധ്വനി പോലൊരു എഫക്ടാക്കി മാറ്റും.

ആദ്യം ഒരു റൂമില്‍ വെച്ചാണ് റെക്കോര്‍ഡ് നടത്തിയത്. പിന്നാലെ ഒരു ഒഴിഞ്ഞ ഹാളിലും മൂന്നാമത് സ്റ്റുഡിയോയിലും വെച്ച് റെക്കോര്‍ഡ് നടത്തി ചേര്‍ത്ത് വെയ്ക്കുകയായിരുന്നു. ഇതാണ് എക്കാലത്തേയും മികച്ച ‘പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ’ എന്ന ഗാനത്തിന്റെ പിറവിയിലേക്ക് നയിച്ചത്.

1943 ല്‍, തന്റെ പതിമൂന്നാം വസ്സില്‍ സംഗീത ലോകത്തിലേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ ക്ലാസിക്കല്‍ ഗാനങ്ങളില്‍ തുടങ്ങി റൊമാന്റിക്, ഗസല്‍, ഭജന്‍ എന്നിങ്ങനെ 15 ഭാഷകളിലായി നാല്‍പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായി 1929 ല്‍ ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തില്‍ ലത മങ്കേഷ്‌കര്‍ ജനിച്ചു. 1942 ല്‍ ‘കിടി ഹസാല്‍’ എന്ന മറാത്തി ചിത്രത്തില്‍ ‘നാചു യാ ഗാഥേ’, ‘ഖേലു നാ മണി ഹാസ് ബാരി’ എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. എന്നാല്‍ ഈ ഗാനം സിനിമയില്‍ നിന്നും നീക്കപ്പെടുകയായിരുന്നു.

1942ല്‍ തന്നെ ലത ‘പാഹിലി മംഗളഗോര്‍’ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും ‘നടാലി ചൈത്രാചി നവാലായി’ എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943 ല്‍ ‘ഗജാബാഹു’ എന്ന ചിത്രത്തിലെ ‘മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ’ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം.15 ഭാഷകളിലായി നാല്‍പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്. ‘നെല്ല്’ എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് മലയാളത്തിലും സാന്നിധ്യം അറിയിച്ചു.

പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌നം(2001), മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ