വൻ തരംഗമാണ് ഇന്ത്യയിലെത്തിയ പോപ് താരം ജസ്റ്റിൻ ബീബർ സൃഷ്‌ടിച്ചത്. മുംബൈയിൽ ഒരു വാഹനത്തിനുളളിൽ തെരുവു കുട്ടികൾക്കൊപ്പം ബീബർ സമയം ചെലവഴിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രദേശ വാസികൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതും വൻ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലെത്തി പരിപാടി തുടങ്ങുന്നതിന് മുൻപേ മുംബൈയിലെ ഇൻഓർബിറ്റ് മാളിൽ പോയപ്പോഴുണ്ടായ സംഭവമാണ് ജസ്റ്റിൻ ബീബറെ വീണ്ടും വാർത്തകളിൽ നിറയ്‌ക്കുന്നത് .
ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ ആരാധകരോട് താരം ദേഷ്യപ്പെടാൻ ശ്രമിച്ചുവെന്നാണ് പുതിയ വാർത്ത. ലോകോത്തര താരമായ ബീബർ മാളിലെത്തിയപ്പോൾ എല്ലാവരും അദ്ഭുതത്തോടെ നോക്കി. ബീബറിനെ കണ്ടപ്പോൾ പലരും ഫോണിൽ ചിത്രമെടുക്കാൻ ശ്രമിച്ചു. ഇവരോട് ബീബർ ദേഷ്യപ്പെട്ടുവെന്നാണ് ‘ബോളിവുഡ് ലൈഫ്’ റിപ്പോർട്ട് ചെയ്യുന്നത്. ബീബർ ഒട്ടും നല്ല മൂഡിലല്ലായിരുന്നെന്ന് തോന്നുന്നുവെന്നും ആരാധകർ ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം മോശം വാക്കുകൾ പഞ്ഞത് കേൾക്കാമായിരുന്നെന്നും ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.
ആളുകളോട് കൈ വീശി നല്ല സന്തോഷത്തിലായിരുന്നു ജസ്റ്റിൻ ബീബർ. എന്നാൽ ഫോട്ടോയെടുത്ത് തുടങ്ങിയപ്പോൾ അദ്ദേഹം ദേഷ്യപ്പെട്ടു. സെൽഫിയായിരുന്നില്ല, ഫോട്ടോയെടുക്കാനാണ് ശ്രമിച്ചത്. ഫോട്ടോയെടുക്കാൻ ആഗ്രഹിക്കപ്പെടുന്നില്ലെങ്കിൽ ഇത്രയും തിരക്കുളള ഒരു സ്ഥലത്ത് എന്തിനാണ് അദ്ദേഹം എത്തിയതെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
മുംബൈയിലെ സംഗീത പരിപാടിക്ക് പിന്നാലെ ബീബര്‍ ഇന്ത്യ വിട്ടിരുന്നു. രാജസ്ഥാനും ആഗ്രയുമൊക്കെ ബീബര്‍ സന്ദര്‍ശിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിപാടി കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ബീബര്‍ ഇന്ത്യ വിട്ടു.