ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടു താരങ്ങളായ ഷാരൂഖ് ഖാനും ഐശ്വര്യ റായും ഒരുമിച്ച് അഭിനയിച്ചത് രണ്ടേ രണ്ടു ചിത്രങ്ങളില്‍. ഐശ്വര്യ റായും ഷാരൂഖ് ഖാനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘മൊഹബത്തേന്‍’, ‘ദേവ്ദാസ്’ എന്നീ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളാണ്. ഈ രണ്ടു ചിത്രങ്ങളിലൂടെ ഇരുവരും ആരാധകരുടെ പ്രിയ ജോഡികളുമായി. പിന്നീടൊരിക്കലും ഐശ്വര്യയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

ഇരുവരേയും ഒന്നിച്ച് എന്നാണ് ഇനി സ്‌ക്രീനില്‍ കാണാനാകുക എന്ന ചോദ്യത്തിന് ഐശ്വര്യ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു:

‘എന്നാണ് ഷാരൂഖ് ഖാനൊപ്പം എന്നെ കാസ്റ്റ് ചെയ്യുക? എനിക്കു തോന്നുന്നു ഇവരില്‍ കുറേ നടന്മാര്‍ തങ്ങളുടെ സിനിമയിലെ കാസ്റ്റിങ്ങില്‍ ഇടപെടാറുണ്ടെന്ന്. അപ്പോള്‍ അവരോടു തന്നെ ചോദിക്കണം. എന്നാണ് അവര്‍ക്കൊപ്പം അഭിനയിക്കാന്‍ എന്നെ തിരഞ്ഞെടുക്കുക എന്ന് പറയാന്‍ അവർക്കേ കഴിയൂ,’ ഐശ്വര്യയുടെ മറുപടി ഷാരൂഖിനുള്ള പരിഹാസമാണോ എന്നു സംശയം.

ഷാരൂഖ് ചിത്രമായ ‘ചല്‍തേ ചല്‍തേ’യുടെ സെറ്റില്‍ ഐശ്വര്യയുടെ മുന്‍ കാമുകനായ സല്‍മാന്‍ ഖാന്‍ മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയെന്നും ഇതേ തുടര്‍ന്ന് ഐശ്വര്യ ചിത്രത്തില്‍നിന്നും പിന്മാറിയെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇതെല്ലാം ഏറെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സംഭവങ്ങളായിരുന്നു. ഇതിനു പുറമേ ഷാരൂഖുമൊന്നിച്ചുള്ള ‘വീര്‍ സാറ’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ഐശ്വര്യയ്ക്കു നഷ്ടമായിട്ടുണ്ട്.

ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഐശ്വര്യ പറഞ്ഞത്, ‘അതിന് ഞാനെങ്ങനെ മറുപടി പറയാനാണ്? ഞങ്ങള്‍ ഒരുമിച്ച് നിരവധി ചിത്രങ്ങള്‍ വരുന്നു എന്ന് അന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് യാതൊരു മുന്നറിയിപ്പുമില്ലാതെ അതെല്ലാം വേണ്ടെന്നു വച്ചു. അതെന്തുകൊണ്ട് എന്ന ചോദ്യത്തിന് എനിക്കൊരിക്കലും ഉത്തരമില്ല,’ ഐശ്വര്യ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook