നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ബോളിവുഡിന് മയക്കുമരുന്ന് വിതരണം ചെയ്ത ഡ്രഗ് മാഫിയക്ക് എതിരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സിമോൺ ഖമ്പട്ട എന്നിവർക്ക് എൻസിബി നോട്ടീസ് അയച്ചിരുന്നു. ഒപ്പം ദിയ മിർസയ്ക്കും എൻസിബി സമൻസ് അയച്ചുവെന്ന് വാർത്തകളുണ്ടായിരുന്നു.

എന്നാൽ, മയക്കുമരുന്നോ മയക്കുമരുന്ന് ഉത്പന്നങ്ങളോ താനിതുവരെ ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് ദിയ മിർസ.

“ഈ വാർത്ത തെറ്റായതും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ്, ഞാനതിനെ ശക്തമായി നിഷേധിക്കുന്നു. ഈ തെറ്റായ വാർത്തകൾ എന്റെ പ്രശസ്തിയ്ക്ക് കളങ്കമുണ്ടാക്കുന്നതും വർഷങ്ങൾകൊണ്ട് കഠിനാധ്വാനത്തിലൂടെ ഞാൻ പടുത്തുയർത്തിയ എന്റെ കരിയറിനെ നേരിട്ട് ബാധിക്കുന്നതുമാണ്.”

“എന്റെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നോ മയക്കുമരുന്നു ഉൽപ്പന്നങ്ങളോ ഞാൻ ഉപയോഗിക്കുകയോ ശേഖരിക്കുകയോ ചെയ്തിട്ടില്ല. ” ദിയ കുറിച്ചു.

Read more: മയക്കുമരുന്ന് കേസ്: ദീപികയുടെ മാനേജരെ ചോദ്യം ചെയ്യാൻ ഒരുങ്ങി എൻസിബി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook