സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സരസമായ സംഭാഷണങ്ങളിലൂടെയും തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറുന്ന ധ്യാന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ഏറ്റവും കൂടുതൽ ആളുകളെ രസിപ്പിച്ചതിനുള്ള മികച്ച എന്റർടെയിനർ അവാർഡ് ഉണ്ടെങ്കിൽ അത് ധ്യാനിനു കൊടുക്കാം. കാരണം, യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന താര അഭിമുഖം ധ്യാൻ ശ്രീനിവാസന്റേതു ആയിരിക്കും.
തന്റെ കുടുംബാംഗങ്ങളെക്കുറിച്ചും സുഹൃത്തുകളെക്കുറിച്ചെല്ലാമുള്ള ധാരാളം രസകരമായ കഥകൾ ധ്യാൻ പറഞ്ഞിട്ടുണ്ട്. അതിൽ ഏറെ ട്രെൻഡിങ്ങായൊരു കഥയാണ് ശ്രീനിവാസൻ ആശുപത്രിയിൽ കിടന്നപ്പോൾ ഭാര്യ വിമല പൊറോട്ട കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെന്ന ധ്യാൻ പറഞ്ഞത്. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ചില അഭിമുഖങ്ങൾ തന്നെ സങ്കടപ്പെടുത്താറുണ്ടെന്നും വിമല പറഞ്ഞു. ശ്രീനിവാസനെയും വീഡിയോയിൽ കാണാം. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.
“ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. അസുഖമൊന്നും ഇല്ലാത്ത സമയത്ത് ചിലപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ടാകും. പണ്ടു മുതൽക്കെ വീട്ടിൽ പൊറോട്ട കയറ്റാറില്ല. അങ്ങനെയുള്ള മോശം സാധനങ്ങളൊന്നും കഴിക്കാൻ സമ്മതിക്കാറില്ല. മൈദ കൊണ്ട് അടിച്ചു വരുന്നതല്ലേ പൊറോട്ട. മാത്രമല്ല അതു കഴിച്ച ശേഷം പത്തു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം വയറു ശരിയാകാനായിട്ട്,” വിമല പറഞ്ഞു. ധ്യാൻ തന്നോട് എപ്പോഴെങ്കിലും എന്താണ് കഴിക്കാൻ വേണ്ടതെന്നും ചോദിച്ചപ്പോൾ പൊറോട്ടയെന്ന് പറഞ്ഞിട്ടുണ്ടാകുമെന്നും അതുവച്ചാണ് കഥയെല്ലാം സൃഷ്ടിച്ചതെന്നും വിമല പറയുന്നു.
ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം കാണാറുണ്ടോ എന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു അമ്മയുടെ മറുപടി. ചില അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടമുണ്ടാവുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ എന്തു കാരണമാണ് തന്നിൽ വിഷമമുണ്ടാക്കുന്നതെന്ന് വിമല വ്യക്തമാക്കിയില്ല. എല്ലാവരും അവൻ പറയുന്നത് തമാശയായിട്ടാണ് കരുതുന്നതെന്നും അവർ പറഞ്ഞു. സ്ക്കൂളിൽ പഠിക്കുന്ന സമയത്ത് ധ്യാൻ വളരെ ഷാർപ്പായിരുന്നെന്നും അമ്മ കൂട്ടിച്ചേർത്തു.