സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സരസമായ സംഭാഷണങ്ങളിലൂടെയും തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറുന്ന ധ്യാന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. 2022ൽ ഏറ്റവും കൂടുതൽ ആളുകളെ രസിപ്പിച്ചതിനുള്ള മികച്ച എന്റർടെയിനർ അവാർഡ് ഉണ്ടെങ്കിൽ അത് ധ്യാനിനു കൊടുക്കാം. കാരണം, യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന താര അഭിമുഖം ധ്യാൻ ശ്രീനിവാസന്റേതു ആയിരിക്കും.
വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് തന്റെ വൈറലായ ഓൺലൈൻ ഇന്റർവ്യൂകളെ അച്ഛൻ ശ്രീനിവാസൻ എങ്ങനെ നോക്കി കാണുന്നു എന്ന് ധ്യാൻ പറഞ്ഞത്. “അച്ഛന് എന്നോടുള്ള നിലപാടിൽ ചെറിയ മാറ്റം വന്നിട്ടുണ്ടെന്നാണ് അമ്മ പറഞ്ഞത്. അതിൽ എന്റെ ഇന്റർവ്യൂസിന് വലിയ പങ്കുണ്ട്. കുട്ടികൾ കാർട്ടൂൺ കാണുന്നതു പോലെ അച്ഛൻ എന്റെ ഇന്റർവ്യൂ കാണുന്നു, ആസ്വദിക്കുന്നു, ചിരിക്കുന്നു” ധ്യാൻ പറയുന്നു. തന്റെ കാര്യത്തിൽ അച്ഛൻ വളരെ ഹാപ്പിയാണെന്നും കാരണം സിനിമകളില്ലെങ്കിലും താൻ ജീവിക്കുമെന്ന് അദ്ദേഹത്തിന് മനസ്സിലായെന്നും ധ്യാൻ പറഞ്ഞു.
ധ്യാൻ അഭിമുഖങ്ങളിൽ പറയുന്ന കഥകളിൽ കുറച്ചു പൊടിപ്പും തൊങ്ങളുമൊക്കെ ചേർക്കുന്നുണ്ടെന്നാണല്ലോ വിനീത് പറയുന്നതെന്ന ചോദ്യത്തിന് അതാണല്ലോ ക്രിയേറ്റിവിറ്റി എന്നായിരുന്നു ധ്യാനിന്റെ മറുപടി. “ഏട്ടൻ അങ്ങനെയൊക്കെ പറയുന്നത് അസൂയ കൊണ്ടാണ്. നടനും തിരക്കഥകൃത്തും സംവിധായകനുമായ ശ്രീനിവാസൻ പോലും ഇപ്പോൾ എന്റെ ആരാധകനല്ലേ.” തല്ലശ്ശേരിയിൽ ഉണ്ടായിരുന്നപ്പോൾ അമ്മയ്ക്കും ചേട്ടനുമൊപ്പം സിനിമ കാണാൻ പോകുന്ന വിശേഷങ്ങളും ധ്യാൻ പങ്കുവച്ചു. “അച്ഛന്റെ സിനിമ കാണാൻ മാത്രമേ തിയേറ്ററിൽ പോകാറുള്ളൂവെന്നു മാത്രം. അച്ഛനു പങ്കില്ലാത്ത സിനിമകൾ അമ്മ കാണാറുമില്ല. മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസന്റെ സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ അത് അവരുടെ ഭാഗ്യം. അതായിരുന്നു അമ്മയുടെ ഭാവം” ധ്യാൻ കുട്ടിച്ചേർത്തു.
ബുള്ളറ്റ് ഡയറീസ്, ഹിഗ്വിറ്റ, ആപ്പ് കൈസേ ഹോ എന്നിവയാണ് ധ്യാനിന്റെ പുതിയ ചിത്രങ്ങൾ. ആപ്പ് കൈസേ ഹോയിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാനാണ്. “32 സിനിമകൾ ഇപ്പോൾ കമ്മിറ്റ് ചെയ്‌തിട്ടുണ്ട്. അടുത്ത നാലു വർഷത്തേക്ക് ഫുൾ ബുക്ക്ഡ് ആണ്. ഇതിനിടയിൽ അച്ഛൻ ചോദിച്ചാൽ പോലും സോറി ഡേറ്റില്ല എന്ന് പറയേണ്ടി വരും” പൊട്ടിച്ചിരിയുണർത്തുന്ന ധ്യാനിന്റെ വാക്കുകളിങ്ങനെ.